തിരുവനന്തപുരം: എൻഡിഎ ക്യാംപിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ചങ്ങനാശേരി എസ്എൻ കോളേജ് ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തി ചേരും. വൈകിട്ട് നാല് മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ പൊതുസമ്മേളനം മോദി അഭിസംബോധന ചെയ്യും. ശേഷം തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.
കിള്ളിപ്പാലം മുതൽ കരമന ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ്ഷോ തീരുമാനിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിലെ സ്ഥാനാർഥി ആർ .ശ്രീലേഖ, കഴക്കൂട്ടത്തെ വി. മുരളീധരൻ, തിരുവനന്തപുരം സ്ഥാനാർഥി കരമന ജയൻ എന്നിവർ റോഡ് ഷോയുടെ ഭാഗമാകും. വൈകിട്ട് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് പോകും.
അതേസമയം, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കൊച്ചിയിലെത്തും. രാവിലെ 10.35 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മന്ത്രി ആദ്യം പെരുമ്പാവൂരിലേക്കാണ് പോവുക. ഇവിടുത്തെ എൻഡിഎ സ്ഥാനാർഥി ജി.ബി. പാത്തിയാക്കലുമായി റോഡ് ഷോ നടത്തും. തുടർന്ന് പൊതു പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. സമയക്കുറവ് മൂലം പൊതുപരിപാടി ഒഴിവാക്കിയേക്കും എന്നും സൂചനയുണ്ട്. തുടർന്ന് തൃശൂരിലേക്ക് പോകുന്ന മന്ത്രി ഇന്നും നാളെയുമായി ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കും.