തൃശൂർ: രാഹുൽ ഗാന്ധിക്ക് പിന്നാലെ സിപിഐഎം-ബിജെപി ഡീലെന്ന ആരോപണം ഏറ്റുപിടിച്ച് പ്രിയങ്ക ഗാന്ധി. കേരളത്തിലെ മുഖ്യമന്ത്രിയും എല്‍ഡിഎഫും പ്രധാനമന്ത്രിയുടെ ബി ടീമായാണു പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതു നേതാക്കള്‍ക്കും മാത്രം കേന്ദ്രത്തില്‍ നിന്നു വലിയ പരിഗണനയാണ് ലഭിക്കുന്നത്. ഒരു കേന്ദ്ര ഏജന്‍സി പോലും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയാറാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മോദി ഒരു വാക്ക് സംസാരിച്ചോ എന്നും പ്രിയങ്ക ചോദിച്ചു. ചിറയിന്‍കീഴില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
"വയനാട്ടില്‍ എംപിയായിരുന്നപ്പോള്‍ രാഹുൽ ഗാന്ധി കേരളം വളരെ ഇഷ്ടമാണെന്ന് പറയുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് അന്നെനിക്ക് മനസിലായില്ല. എന്നാൽ വയനാട്ടിൽ എംപി ആയപ്പോൾ അത് മനസിലായി. കേരളത്തിന്റെ മനോഹരമായ മണ്ണില്‍ കാലെടുത്തു വയ്ക്കുന്ന സമയം മുതല്‍ എന്റെ മനസില്‍ സന്തോഷമാണ്. അതാണ് കേരളത്തിന്റെ മാജിക്. ശ്രീനാരായണ ഗുരുവിനെ പോലെ വിപ്ലവ ചിന്തകരുടെ നാടാണ് കേരളം. അതിൻ്റെ പാരമ്പര്യം ഇപ്പോഴും കേരളത്തിനുണ്ട്. മതസൗഹാർദ്ദത്തിൻ്റെ നാടാണ് കേരളം. നാനാജാതി മത വിഭാഗങ്ങളില്‍പെടുന്നവര്‍ സഹോദരങ്ങളെ പോലെയാണ് ഇവിടെ ജീവിക്കുന്നത്. കേരളത്തിന്റെ ചൈതന്യവും തനിമയുമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ചൈതന്യം. നിങ്ങള്‍ എവിടെയാണെങ്കിലും ആ ആത്മചൈതന്യം നിങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും", പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ.
പുതിയ സർക്കാരിൻ്റെ ആവശ്യം കേരളത്തിനുണ്ടെന്നും അവർ പറഞ്ഞു. ജനങ്ങളെ കേൾക്കുന്ന അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ വരണം. കേരളത്തില്‍ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു. യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാണെന്നും ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ആശാ വര്‍ക്കര്‍മാരുടെ ശബ്ദം കേള്‍ക്കാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ആയപ്പോഴാണ് അവരെ കണ്ടെന്നു നടിച്ചത്. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും ജനങ്ങള്‍ അതു തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.
യുഡിഎഫിന്റെ ഇന്ദിരാ ഗാരൻ്റിയും പ്രിയങ്ക ഗാന്ധി പരാമർശിച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഈ സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പിലാകും. കർണാടകയിൽ കോൺഗ്രസ് ഇത് നടപ്പിലാക്കി കഴിഞ്ഞതാണ്. പത്ത് വർഷത്തെ എൽഡിഎഫ് സർക്കാർ എങ്ങനെയായിരുന്നു എന്ന് ചിന്തിച്ച് വോട്ട് ചെയ്യണമെന്നും പ്രിയങ്ക ചിറയിൻകീഴിൽ പറഞ്ഞു. തിരുവനന്തപുരത്തെ പരിപാടികള്‍ക്കു ശേഷം കൊല്ലത്തേക്കു പോയ പ്രിയങ്ക വൈകിട്ട് തിരിച്ചെത്തി വട്ടിയൂർക്കാവിൽ വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യും.