ആലപ്പുഴ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ ജി. സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല. മുല്ലപ്പൂ തുളസിപ്പൂ എന്നുള്ളത് മോശമായ പരാമർശം അല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജി. സുധാകരൻ ജയിക്കും എന്ന് കാണുമ്പോൾ അദ്ദേഹത്തെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും.
ജി. സുധാകരൻ ആരെയും ചെറ്റ എന്ന് വിളിച്ചില്ലല്ലോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, 2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമാണെന്ന മാത്യു കുഴൽനാടൻ്റെ ആരോപണത്തെയും രമേശ് ചെന്നിത്തല പിന്തുണച്ചു. പ്രളയം മനുഷ്യ നിർമിതമാണെന്നുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് കൊടുത്തതാണ്. മാത്യു കുഴൽനാടൻ ഇപ്പോൾ പറഞ്ഞത് താൻ നേരത്തെ പറഞ്ഞതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തെ തകർത്തത് പിണറായി സർക്കാരിന്റെ അഴിമതിയാണെന്നും പ്രളയമുണ്ടാക്കിയത് കരിമണൽ ലോബിക്ക് വേണ്ടിയാണെന്നുമായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പിള്ളി സ്പിൽ വേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത്ത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.
സുജാത നായന്മാരുടെ വീട്ടിലേക്ക് മാത്രമേ പോകുവെന്നും നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും തലയിൽ ചുടിയാണ് പോകുന്നത് എന്നുമായിരുന്നു സുധാകരന്റെ പരാമാർശം. അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഐഎമ്മിനു കിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്‍.കെ. പ്രേമചന്ദ്രൻ എംപി അടക്കമുള്ളവർ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.