ASSEMBLY ELECTION 2026

"നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ"; ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ രമേഷ് പിഷാരടി

നിയമ നടപടിയുമായി ഇപ്പോൾ പോകാൻ ഉദ്ദേശ്യമില്ലെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. യാതൊരു പ്രകാപനവും ഇല്ലാതെയാണ് തടഞ്ഞത്. ജനാധിപത്യ സംവിധാനത്തിന് എതിരെയുള്ള നടപടിയാണ് ഉണ്ടായത്. സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ തടഞ്ഞു. വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും നിയമ നടപടിയുമായി ഇപ്പോൾ പോകാൻ ഉദ്ദേശ്യമില്ലെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.

"രാഷ്ട്രീയത്തിൽ ബലാബലം പരീക്ഷിക്കേണ്ടത് ഇത്തരത്തിലല്ല ആശയങ്ങൾ കൊണ്ടാണ്. പാലക്കാട് എന്ന പ്രദേശത്ത് ഭൂരിഭാ​ഗം സ്ഥലങ്ങളും യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. അവിടെ ബിജെപിയടക്കം എല്ലാ പാർട്ടികൾക്കും സുഖമായി വോട്ട് ചോദിക്കാനായി പ്രവേശിക്കാം. ചെറിയൊരു പ്രദേശത്ത് ശക്തിയുണ്ടെന്ന് കരുതി അവിടെ മറ്റ് പാർ‌ട്ടികൾ വോട്ട് ചോദിച്ച് വരരുത് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യമാണ്. അത് എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നതും വല്ലാതെ വേ​ദനപ്പിക്കുകയും ചെയ്ത സംഭവമാണ്. അതിനെ അവരുടെ സങ്കുചിത മനസായും അറിവില്ലായമയുമായാണ് കാണുന്നത്", രമേഷ് പിഷാരടിയുടെ വാക്കുകൾ.

ഇന്ന് വൈകിട്ടോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്. പിന്നീട് സ്ഥാനാർഥിയായ രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.

SCROLL FOR NEXT