Source: ANI
ASSEMBLY ELECTION 2026

റെക്കോർഡ് പോളിങ്‍! തമിഴ്നാട്ടിൽ 84.35%, 90 ശതമാനം കടന്ന് പശ്ചിമ ബംഗാൾ

കടുത്ത ചൂടിനെ അവഗണിച്ചാണ് കനത്ത പോളിങ്

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ റെക്കോർഡ് പോളിങ്ങുമായി തമിഴ്നാടും പശ്ചിമ ബംഗാളും. 6 മണി വരെ തമിഴ്നാട്ടിൽ 84.35 ശതമാനവും പശ്ചിമ ബംഗാളിൽ 91.40 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത ചൂടിനെ അവഗണിച്ചാണ് കനത്ത പോളിങ്.

തമിഴ്നാട്ടിൽ 2011ലെ 78.29 ശതമാനമാണ് ഇത്തവണ മറികടന്നത്. അതുകൊണ്ടു തന്നെ പോളിങ് ശതമാനം ഉയർന്നത് മുന്നണികൾക്കെല്ലാം പ്രതീക്ഷ നൽകുന്നുണ്ട്. എടപ്പാടിയും, തൃച്ചി ഈസ്റ്റുമടക്കമുള്ള 11 മണ്ഡലങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയ പോളിങ് 90 ശതമാനത്തിനു മേലെയാണ്.

തമിഴ്നാട്ടിൽ 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടെ 5.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ തന്നെ 12.51 ലക്ഷം പേർ കന്നിവോട്ടർമാരാണ്. രാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിലെല്ലാം കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.

അതേസമയം, പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ടത്തിൽ പോളിങ് ശതമാനം ഉയർന്നത് മാറ്റത്തിൻ്റെ ലക്ഷണമായി പ്രധാനമന്ത്രി വിലയിരുത്തുമ്പോൾ സർക്കാരിനുള്ള പിന്തുണയെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള മണ്ഡലങ്ങൾക്ക് പുറമേ ബിജെപിയ്ക്ക് സ്വാധീനമുള്ള നോർത്ത് ബംഗാൾ മണ്ഡലങ്ങളിലെ പോളിങ്ങും 90ന് മേൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടോ എന്നതാണ് പാർട്ടികൾ ഉറ്റു നോക്കുന്നത്. ന്യൂനപക്ഷ മണ്ഡലങ്ങളിൽ കോൺഗ്രസും സിപിഐഎമ്മും ശക്തമായ മത്സരം കാഴ്ചവച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് 29നാണ്.

ആദ്യഘട്ടത്തിൽ പശ്ചിമ ബംഗാളിൽ 152 നിയമസഭാ മണ്ഡലങ്ങളിലായി 1475 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എസ്ഐഐആറും, വനിതാ സംവരണവുമെല്ലാം വളരെയധികം ചർച്ചയായ തെരഞ്ഞെടുപ്പിൽ ഇത്തവണ വിജയം ആർക്കൊപ്പമായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, പോളിങ് ദിനത്തിൽ ബംഗാളിലൊട്ടാകെ നിരവധി അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT