കോഴിക്കോട്: എസ്‌ഡിപിഐയുമായി സഹകരിക്കുന്നതിൻ്റെ അപകടം മുസ്ലീം ലീഗിൻ്റെ തമിഴ്നാട് ഘടകത്തെ ബോധ്യപ്പെടുത്തും എന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ. മുന്നണിയുടെ വിശാല താൽപ്പര്യപ്രകാരമാണ് തമിഴ്‌നാട്ടിൽ എസ്‌ഡിപിഐയുമായി സഹകരിക്കുന്നത്. തീവ്ര മതസംഘടനകളോട് ഒരു സന്ധിയുമില്ല എന്നാണ് പാർട്ടി നിലപാട് എന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലീഗിൽ ജമാഅത്തെ ഇസ്ലാമിയുടെ ആശയസ്വാധീനമില്ല. ലീഗിന് സ്വന്തം ആശയ അടിത്തറയുണ്ടെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലീം ലീഗ് മതസംഘടനയല്ലെന്നും, രാഷ്ട്രീയ കക്ഷിയാണ് എന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മതധ്രുവീകരണത്തിന് ഏത് രാഷ്‌ട്രീയ പാർട്ടി ശ്രമിച്ചാലും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂർബിന റഷീദ് വിവേകം കാട്ടണമായിരുന്നു എന്നും മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അവകാശവാദം ഉന്നയിക്കാൻ നൂർബിന റഷീദിന് അർഹതയില്ല. പാർട്ടി അവർക്ക് എല്ലാ പരിഗണനയും നൽകിയിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയും പ്രതിനിധികരിക്കുന്നത് വനിതാ ലീഗിനെ തന്നെയാണെന്നും മുനവറലി ശിഹാബ് പറഞ്ഞു.
സാദിഖലി തങ്ങൾക്ക് എതിരായ വിവാദ പ്രചാരണം നടന്നപ്പോൾ സിപിഐഎം രാഷ്ട്രീയ മാന്യത കാട്ടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. കെ.ടി. ജലീലും എ.വിജയരാഘവനും അടക്കം ആ സമയത്ത് പിന്തുണയുമായി എത്തി. നടന്നത് ആസൂത്രിത നീക്കമാവണം, പിന്നിലാരെന്ന് അറിയാൻ കുടുംബം കേസ് നൽകിയിട്ടുണ്ടെന്നും മുനവറലി ശിഹാബ് കൂട്ടിച്ചേർത്തു.