തിരുവനന്തപുരം: എസ്ഡിപിഐ വോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തള്ളി കെ. മുരളീധരന്‍. തനിക്ക് മണ്ഡലം വീടുപോലെയാണെന്നും ഇവിടുത്തെ എല്ലാ വോട്ടുകളും വേണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
'എനിക്ക് ഈ നിയോജക മണ്ഡലം എന്റെ സ്വന്തം വീടാണ്. സ്വന്തം വീട്ടിലുള്ളവരോട് അങ്ങോട്ട് പോവേണ്ട, ഇങ്ങോട്ട് പോവേണ്ട എന്നൊന്നും പറയില്ലല്ലോ. ഇവിടുത്തെ മുഴുവന്‍ ആളുകളുടെയും വോട്ട് വേണം. അതില്‍ മാക്‌സിസ്റ്റ് പാര്‍ട്ടിയുടെയും വോട്ട് വേണം,' കെ. മുരളീധരന്‍ പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ട എന്ന നിലപാട് വി.ഡി. സതീശന്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഇതിന് കടകവിരുദ്ധമായ നിലപാടാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. താന്‍ പറയുന്നത് യുഡിഎഫ് എന്ന മുന്നണിയുടെ നിലപാട് ആണെന്നാണ് വി.ഡി. സതീശന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരം സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനും വി.ഡി. സതീശന്റെ നിലപാട് തള്ളിയിരുന്നു.
ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പി.എം.എ സലാം ഉള്‍പ്പെടെ വ്യക്തമാക്കിയതാണെന്നും അതിനാല്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് എ.കെ.എം അഷ്‌റഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സമാനമായ പ്രതികരണമായിരുന്നു കെ.എസ്. ശബരീനാഥന്റെയും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വോട്ട് അവകാശം ഉണ്ടെന്ന് ശബരിനാഥന്‍ പറഞ്ഞു. ആളുകള്‍ യുക്തിക്കനുസരിച്ച് വോട്ട് ചെയ്യും. വോട്ടിംഗ് ശതമാനം കൂട്ടണമെന്നാണ് അഭിപ്രായം. വോട്ട് ചെയ്യുന്നത് എല്ലാവരുടെയും അവകാശം. ഇഷ്ടമുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യാം. പക്ഷേ എല്ലാവരും വോട്ട് ചെയ്യണമെന്ന് ശബരിനാഥന്‍ പ്രതികരിച്ചു.