രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ് 68 ഘട്ടങ്ങളായാണ് നടന്നത്. ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിലുള്ള വെല്ലുവിളികള്‍ക്കൊപ്പം, പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് നടത്തിയത്. ഇത്തരത്തില്‍, വടക്കന്‍ സംസ്ഥാനങ്ങളിലെ അതിശൈത്യമാണ് രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ആദ്യ വോട്ട് ചെയ്ത പൗരന്‍ എന്ന റെക്കോഡ് ശ്യാം ശരൺ നേഗി എന്ന 35കാരന് സമ്മാനിച്ചത്.
1952 ഫെബ്രുവരി മുതലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. എന്നാല്‍ ഫെബ്രുവരിയിലെ അതിശൈത്യവും മഞ്ഞുവീഴ്ചയുമൊക്കെ പരിഗണിച്ച് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് അഞ്ച് മാസം നേരത്തെയാക്കി. അങ്ങനെയാണ് ഹിമാചല്‍ പ്രദേശില്‍ 1951 നവംബര്‍ 25ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ കിന്നാവൂര്‍ ജില്ലയിലെ ചിനി ബൂത്തിലെത്തി വോട്ട് ചെയ്തതോടെ, നേഗി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായി. ചിനി പിന്നെ കല്‍പ ബൂത്തായി മാറിയപ്പോഴും നേഗി പതിവ് മുടക്കിയില്ല. കാലങ്ങളോളം ബൂത്തിലെ ആദ്യ വോട്ടര്‍ നേഗിയും രണ്ടാം വോട്ടര്‍ ഭാര്യ ഹീരാ മണിയുമായിരുന്നു.
1917 ജൂലൈ ഒന്നിന് ജനിച്ച നേഗി സ്കൂൾ അധ്യാപകനായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി യുവാക്കള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം എന്നായിരുന്നു നേഗി എല്ലായ്‌പ്പോഴും ഓര്‍മപ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ മുഖമായ നേഗിയെ, 2010ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചാവ്ള ഉള്‍പ്പെടെ സംഘം വീട്ടിലെത്തിയാണ് ആദരിച്ചത്.
മരിക്കും വരെ, ഒരു തെരഞ്ഞെടുപ്പുപോലും മുടങ്ങാതെ നേഗി വോട്ട് ചെയ്തു. 2022 നവംബര്‍ അഞ്ചിന് 106-ാം വയസിലായിരുന്നു നേഗിയുടെ അന്ത്യം. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, അതായത് നവംബര്‍ രണ്ടിന് ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും നേഗി ഭാഗമായി. പോസ്റ്റല്‍ വോട്ടിലൂടെയായിരുന്നു നേഗി അവസാന വോട്ട് രേഖപ്പെടുത്തിയത്. ജന്മഗ്രാമമായ കൽപയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു നേഗിയുടെ സംസ്കാരം. തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.