ജനാധിപത്യ ഭരണ സംവിധാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഉപ മുഖ്യമന്ത്രി എന്നതൊരു അസാധാരണ കാര്യമല്ല. മുന്നണി സമവാക്യങ്ങള്‍ക്കൊപ്പം, പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പുകളെയും വ്യക്തികളെയുമൊക്കെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. ചില സംസ്ഥാനങ്ങളിലെങ്കിലും നാം അത് കാണുന്നുണ്ട്. കേരളത്തിനും ഉണ്ടായിരുന്നു ഉപ മുഖ്യമന്ത്രിമാര്‍. ഇതുവരെ മൂന്ന് പേരാണ് ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുള്ളത്.
ആർ. ശങ്കർ, സി.എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി നഹ എന്നിവരാണ് കേരളത്തിന്റെ ഉപമുഖ്യമന്ത്രി ആയിരുന്നവര്‍. ശങ്കര്‍ കോണ്‍ഗ്രസ് നേതാവും, സിഎച്ചും അവുക്കാദര്‍ കുട്ടിയും ലീഗ് നേതാക്കളുമായിരുന്നു. ഇവരില്‍ ശങ്കറും, സിഎച്ചും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്.
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ശങ്കറാണ്. 1960–62ല്‍ പട്ടം താണു പിള്ള മന്ത്രിസഭയിലായിരുന്നു ശങ്കര്‍ ഉപമുഖ്യമന്ത്രിയായത്. അതിനുശേഷമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നാക്ക സമുദായത്തില്‍നിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയും ശങ്കര്‍ തന്നെ. മാത്രമല്ല, അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ മുഖ്യമന്ത്രിയും ശങ്കറാണ്.
സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായ ശേഷമാണ് ഉപമുഖ്യമന്ത്രിയായത്. 1981 മുതല്‍ 83 വരെ കെ. കരുണാകരന്‍ മന്ത്രിസഭകളില്‍ രണ്ട് തവണ ഉപമുഖ്യന്ത്രിയായി. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും, മുഖ്യമന്ത്രിയായ ശേഷം മന്ത്രിയായ വ്യക്തിയും സിഎച്ച് ആണ്. ഉപമുഖ്യമന്ത്രിയായിരിക്കെയാണ് 1983ല്‍ സിഎച്ച് വിട പറയുന്നത്.
ഒന്നു മുതൽ ഏഴ് വരെ നിയമസഭകളിൽ തിരൂരങ്ങാടിയെ പ്രതിനിധീകരിച്ച ലീഗ് നേതാവാണ് കെ. അവുക്കാദര്‍കുട്ടി. കരുണാകരന്‍ മന്ത്രിസഭയില്‍ സിഎച്ചിനു പിന്നാലെയാണ് അവുക്കാദര്‍കുട്ടി ഉപമുഖ്യമന്ത്രിയാകുന്നത്. 1987വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു. വിവിധ കാലങ്ങളിലായി പഞ്ചായത്ത്-സാമൂഹികക്ഷേമം, ഭക്ഷ്യം, തദ്ദേശ സ്വയംഭരണം എന്നിങ്ങനെ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു അവുക്കാദര്‍ കുട്ടി.