ASSEMBLY ELECTION 2026

സുധാകരന്റെ പ്രസ്താവന അനുചിതം, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക ഹൈക്കമാൻഡ്: സണ്ണി ജോസഫ്

കോൺഗ്രസ് ഭരണത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നും സണ്ണി ജോസഫ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ. സുധാകരൻ്റെ പോസ്റ്റിൽ അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അസമയത്താണെന്നും നിലപാട് പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.

"കോൺഗ്രസ് ഭരണത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. സുധാകരന്റെ പ്രസ്താവന അനുചിതമാണ്. നിലപാട് പാർട്ടിക്കുള്ളിൽ ആണ് പറയേണ്ടത്. ഉൾപ്പാർട്ടി ജനാധിപത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർ​ഗങ്ങളുണ്ട്. നിലവിൽ മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് സമയമായിട്ടില്ല.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസിന് വ്യക്തമായ നടപടിക്രമം ഉണ്ട്. ഹൈക്കമാൻഡാണ് അതിൽ ഒരു തീരുമാനം പറയുക. എന്നാൽ സോഷ്യൽ മീഡിയകളിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ഇപ്പോൾ ചില പേരുകൾ ഉയരുന്നത്. തക്കമായ വേദിയിലാണ് പേരുകൾ പറയേണ്ടത്. അഭിപ്രായമുണ്ടെങ്കിൽ പറയാം എന്നാൽ പേരുകൾ പറയേണ്ട സമയമായിട്ടില്ല. അസമയത്താണ് പേരുകൾ പറയുന്നത്. മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ല നിലപാട് വ്യക്തമാകേണ്ടത്", സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് വിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി മുറുകുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ആദ്യം ശബ്ദമുയർത്തിയ കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വീണ്ടും തുടക്കമായത്. സുധാകരൻ്റെ പോസ്റ്റിന് താഴെ വ്യാപക കമൻ്റുകളുമായി സതീശൻ പക്ഷത്തുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. കമന്റുകൾ അനിയന്ത്രിതമായതോടെ സുധാകരൻ കമൻ്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു.

SCROLL FOR NEXT