ASSEMBLY ELECTION 2026

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു; ഒരു എഎംഎംകെ എംഎൽഎയുടെ പിന്തുണ ടിവികെയ്ക്ക്, ലീഗിൻ്റെ പിന്തുണയിൽ ആശയക്കുഴപ്പം

മുസ്ലീം ലീഗ് പിന്തുണ നൽകിയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഗവർണർക്ക് ചട്ടപ്പടി കത്ത് കൈമാറിയിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുന്നു. സിപിഐഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് കക്ഷികളുടെ പിന്തുണയിൽ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്ന് ഏറെക്കുറെ ഉറപ്പായതിന് ശേഷമാണ് പാതിരാ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്.

ഇന്നലെ ഗവർണർക്ക് വിജയ് നൽകിയ കത്തിൽ 116 പേരുടെ പിന്തുണ മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും, ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടില്ലെന്നും ലോക്ഭവൻ അറിയിച്ചു. മുസ്ലീം ലീഗ് പിന്തുണ നൽകിയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഗവർണർക്ക് ചട്ടപ്പടി കത്ത് കൈമാറിയിട്ടില്ല.

ടിവികെ സഖ്യത്തിൻ്റെ ഭാഗമല്ലെന്നാണ് മുസ്ലീം ലീഗിൻ്റെ പുതിയ വിശദീകരണം. ഭരിക്കുന്ന സര്‍ക്കാരിനെ നിയമസഭയില്‍ പുറമെ നിന്ന് പിന്തുണയ്ക്കും എന്നാണ് ഗവര്‍ണറെ അറിയിച്ചതെന്നാണ് ലീഗ് പറയുന്നത്. ടിവികെയ്ക്ക് നല്‍കിയത് പിന്തുണക്കത്ത് അല്ലെന്നും പിന്തുണ അറിയിപ്പ് മാത്രമാണെന്നും വിശദീകരണത്തില്‍ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വിജയ്‌യുടെ സത്യപ്രതിജ്ഞ നീളാനാണ് സാധ്യത.

വിസികെയുടെ പിന്തുണ സംബന്ധിച്ചും അനിശ്ചിതത്വം തുടരുന്നുണ്ട്. ഇതിനിടെ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ ഇന്നലെ രാത്രി രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടതും രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉണ്ടാക്കി. തങ്ങളുടെ എംഎൽഎ കാമരാജിനെ കാണാനില്ലെന്നും ടിവികെ തട്ടിക്കൊണ്ടുപോയെന്നും എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കാമരാജിൻ്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയ്യാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ മറുപടിയുമായെത്തിയത്. ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായി ടിവികെ വെളിപ്പെടുത്തി. കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും തെളിവായി ടിവികെ പുറത്തുവിട്ടു.

സിപിഐ, സിപിഐഎം, വിസികെ, മുസ്ലീം ലീഗ്, എന്നീ പാര്‍ട്ടികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് 118 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് വിജയ് വെള്ളിയാഴ്ച വൈകീട്ട് ഗവര്‍ണറെ കണ്ടത്. അഞ്ച് സീറ്റുള്ള കോണ്‍ഗ്രസിനെ കൂടാതെ, രണ്ട് സീറ്റ് വീതമുള്ള സിപിഐഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

SCROLL FOR NEXT