കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് ഏറി വരികയാണ്. മുന്നണികൾ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിൽ സജീവമായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് തീയതിയിലേക്ക് ചുരുങ്ങിയ ദിനങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ സ്ഥാനാർഥികളുമായി വോട്ടർമാരിലേക്ക് അതിവേഗം എത്താനുള്ള ഓട്ടപ്പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. പണ്ട് ചുവരെഴുത്തും പോസ്റ്ററും ഫ്ലെക്സുമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കാനാണ് സ്ഥാനാർഥികൾ ശ്രമിച്ചിരുന്നതെങ്കിൽ ഇന്ന് നവമാധ്യമങ്ങളാണ് ഇവരുടെ പ്രധാന പ്രചാരണ മാധ്യമം.
ഇൻഫ്ലുവൻസർമാരെ മറികടന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. ട്രെൻഡിങ് പാട്ടുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിലൂടെ നീങ്ങുന്ന സ്ഥാനാർഥികളുടെ റീലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഇത് വരും ദിവസങ്ങളിൽ വർധിക്കും.
ഭരണപക്ഷത്തുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാർട്ടികളും അണികളും ഭരണനേട്ടം എടുത്തുകാട്ടുന്നത് മാസ് ബിജിഎം ഇട്ട റീലുകളും വീഡിയോകളും ഉപയോഗിച്ചാണ്. മറുപക്ഷത്ത് എൻഡിഎയും യുഡിഎഫും ഒട്ടും പിന്നിലല്ല. തങ്ങളുടെ താരപ്രചാരകരേയും സ്ഥാനാർഥികളേയും സിനിമാതാര പരിവേഷത്തോടെ അവതരിപ്പിക്കാൻ അവരും ശ്രമിക്കുന്നുണ്ട്.
ഇത്തരം റീലുകളിൽ ഏറ്റവും അധികം ഉപയോഗിച്ച് കാണുന്നത് 'തലൈവർ കലവരമേ' എന്ന പാട്ടാണ്. 'തലൈവർ 173' അനൗൺസ്മെനറ് വീഡിയോയിൽ പശ്ചാത്തലമായി ഉപയോഗിച്ച ഗാനമാണിത്. രജനികാന്ത് നായകനാകുന്ന സിബി ചക്രവർത്തി ചിത്രത്തിലെ മാസും സ്റ്റൈലും സ്വാഗും ചേർന്ന ഈ പ്രൊമോ തീം സോങ്ങാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് റീലുകളിലെ താരം. അനിരുദ്ധ് രവിചന്ദർ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. പതിവ് പോലെ ഹീറോയിക് ആയി രജനിയെ അവതരിപ്പിക്കുന്ന വിധമാണ് തീം സോങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാലത്തെ 'നായകർക്ക്' ഇത് യോജിക്കുന്നതായി തോന്നിയതിൽ കുറ്റം പറയാൻ പറ്റില്ല.
പാട്ട് മാത്രമല്ല ഈ പ്രൊമോ വീഡിയോയുടെ ടെംപ്ലേറ്റും സ്ഥാനാർഥികൾ ഏറ്റെടുത്തു കഴിഞ്ഞു. 'ഇടതോരം 3.0' എന്ന അടിക്കുറിപ്പോടെ എൽഡിഎഫ് കേരളം പങ്കുവച്ച വീഡിയോയിൽ തലൈവർ മറ്റാരുമല്ല, പിണറായി വിജയൻ തന്നെ! ഇടതുവലതു വ്യത്യാസമില്ലാതെ ഈ പ്രൊമോ തീമും വീഡിയോ ടെംപ്ലേറ്റും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കുന്നുണ്ട്. ചുവപ്പ് പശ്ചാത്തലവും നക്ഷത്രവും മറ്റും കമ്യൂണിസ്റ്റ് പാർട്ടികളുടെ ചിഹ്നങ്ങളോട് ചേർന്നു നിൽക്കുന്നത് കൊണ്ട് അധികമായി ഇടത് റീലുകളിലാണ് 'തലൈവർ കലവരം' നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മാത്രം.