ASSEMBLY ELECTION 2026

നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും; രാവിലെ 11 മുതൽ മൂന്ന് മണി വരെ പത്രിക നൽകാം

വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്നവസാനിക്കും. രാവിലെ 11 മണി മുതൽ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക നൽകാം. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും.

ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പൂർണ ചിത്രം തെളിയുക. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 341 സ്ഥാനാർഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്. അതേസമയം വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാൻ അവസരമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. മാർച്ച് 15 വരെ അപേക്ഷ സമർപ്പിച്ചവരാകും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടുക.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ വോട്ട് ചേർക്കാൻ പരിഗണിക്കുകയുള്ളു. ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ യു. ഖേൽക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നത്. അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. അതിനാൽ മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹമാകുന്നത്. ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT