ജോസ്.കെ.മാണി 
ASSEMBLY ELECTION 2026

"സംഘടനപരമായി ചോർച്ച ഉണ്ടായിട്ടില്ല"; കാര്യങ്ങൾ മുഖം നോക്കാതെ എൽഡിഎഫ് യോഗത്തിൽ പറയുമെന്ന് ജോസ്.കെ.മാണി

വികസനം നടത്തിയത് കുറഞ്ഞു പോയെന്ന് ആരും പറയില്ലെന്ന് ജോസ്.കെ.മാണി

Author : ന്യൂസ് ഡെസ്ക്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായ പരാജയം സമഗ്രമായി ചർച്ച ചെയ്തുവെന്ന് ജോസ്.കെ.മാണി. പാർട്ടിയുടെ ആണോ മുന്നണിയുടെ കാര്യത്തിൽ ആണോ പോരായ്മ ഉണ്ടായതെന്ന് പരിശോധിക്കും.12 സ്ഥലത്ത് വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു.

സംഘടനപരമായി യാതൊരു ചോർച്ച ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു കാരണം മാത്രമല്ല തോൽവിക്ക് കാരണം. വികസനം നടത്തിയത് കുറഞ്ഞു പോയെന്ന് ആരും പറയില്ല. നടത്തിയ വികസനത്തിന്‌ ജനകീയ മുഖം കൊടുക്കാൻ കഴിഞ്ഞില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.

സിപിഐഎം അണികളുടെ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. മലബാർ മേഖലയിൽ സിപിഐഎം ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്ന് ഒളിച്ചു വെയ്ക്കേണ്ട കാര്യമില്ല. താഴെ തട്ടിൽ പോയി പരിശോധിച്ചാലെ അത് വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ഗൗരവതരമാണ്. സിപിഐഎം പരിശോധിക്കേണ്ടതാണ്. എല്ലാ കാര്യങ്ങളും മുഖം നോക്കാതെ എൽഡിഎഫ് യോഗത്തിൽ പറയും.

മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്ന് ജോസ്.കെ.മാണി പറഞ്ഞു. പി.ജെ. ജോസഫിൻ്റെ ക്ഷണം ആത്മാർഥമായിട്ടല്ല. പരിഹസിക്കാൻ വേണ്ടി മാത്രമാണ് ക്ഷണമെന്നും ജോസ്.കെ.മാണി പറഞ്ഞു.

ജോസഫിന് 50 വർഷം പൂർത്തിയാക്കാൻ കുറച്ചുനാൾ കൂടി മതിയായിരുന്നു. എന്നാൽ അത് അനുവദിക്കാതിരുന്ന മകൻ ധൂർത്ത പുത്രനാണോ സ്വാർത്ഥ പുത്രനാണോയെന്ന് പറയണമെന്ന് ജോസ്.കെ.മാണി ആവശ്യപ്പെട്ടു.

SCROLL FOR NEXT