Source: ANI
ASSEMBLY ELECTION 2026

ഇതൊരു പുതിയ തുടക്കം, വ്യാജ വാഗ്ദാനം നൽകി വഞ്ചിക്കില്ല; സിനിമാറ്റിക് സ്റ്റൈൽ പ്രസംഗവുമായി വിജയ്

സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെ ആദ്യ ഉത്തരവും വിജയ് പുറപ്പെടുവിച്ചു

Author : ന്യൂസ് ഡെസ്ക്

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രവർത്തകരെ ഹരം കൊള്ളിക്കുന്ന സിനിമാറ്റിക് സ്റ്റൈൽ പ്രസംഗവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെ ആദ്യ ഉത്തരവും വിജയ് പുറപ്പെടുവിച്ചു. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ്, ലഹരി ഉപയോഗം തടയാൻ പ്രത്യേക ഫോഴ്സ്, 200 യൂണിറ്റ് സൌജന്യ വൈദ്യുതി എന്നീ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ഉത്തരവാണ് മുഖ്യമന്ത്രി വിജയ് പുറത്തിറക്കിയത്.

ടിവികെ ജനങ്ങളെ സംരക്ഷിക്കും. തന്നെ മകനായോ , സഹോദരനായോ കാണാം. യഥാർഥ സാമൂഹിക നീതിക്കായുള്ള ഒരു പുതിയ പോരാട്ടമാണിത്. ഈ യാത്രയിൽ ഒരുപാട് പ്രശ്നങ്ങളും അപമാനവും നേരിട്ടെങ്കിലും തൻ്റെ വേദനയെ തങ്ങളുടേതെന്ന് കരുതി കൂടെ നിന്ന് ഈ സത്യപ്രതിജ്ഞ സാധ്യമാക്കിയ എല്ലാവർക്കും നന്ദി അറിയിച്ച വിജയ് ഒരിക്കലും താൻ വ്യാജ ഉറപ്പുകൾ നൽകില്ലെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും ജനങ്ങൾക്ക് ഉറപ്പു നൽകി.

വിശപ്പും ദാരിദ്ര്യവും എന്താണെന്ന് അറിയാം. ജനിച്ചത് രാജകുടുംബത്തിൽ അല്ല. സാധാരണക്കാരനാണ് ഞാൻ ദേവദൂതനല്ല. പറഞ്ഞതെല്ലാം ഘട്ടം ഘട്ടമായി നിറവേറ്റും. എതിർക്കുന്നവരാുണ്ടെങ്കിലും 8 കോടി ജനങ്ങളും എൻ്റെ ജനങ്ങൾ തന്നെയാണ്. കുടിവെള്ളം, റേഷൻ, ബസ് യാത്ര തുടങ്ങിയ വിഷയങ്ങളിൽ ആദ്യ നടപടിയെടുക്കുമെന്നും വിജയ് വ്യക്തമാക്കി.

"ജനങ്ങളുടെ ഒരു പൈസ പോലും ഞാൻ തൊടില്ല. എനിക്കതിൻ്റെ ആവശ്യവുമില്ല. ഞാൻ തെറ്റു ചെയ്യില്ല, തെറ്റു ചെയ്യാൻ അനുവദിക്കുകയുമില്ല. അത് എൻ്റെ ഗവൺമെൻ്റിൻ്റെ ഭാഗമായുള്ളവരാണെങ്കിലും ഞാൻ സമ്മതിക്കില്ലെ"ന്നും വിജയ് പ്രവർത്തകർക്ക് ഉറപ്പു നൽകി. കൊച്ച് ആരാധകരുടെ ഭാവി മുന്നിൽ കണ്ടു കൊണ്ട് തനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്നും വിജയ് വ്യക്തമാക്കി. ടിവികെ പ്രവർത്തകരോടും വിജയ് നന്ദി പറഞ്ഞു.

10 ലക്ഷം കോടിയ്ക്കു മേൽ തമിഴ്നാടിന് മേൽ കടമുണ്ട്. ഖജനാവ് മൊത്തം തുടച്ചു വടിച്ചാണ് പോയിരിക്കുന്നത്. ആ അവസ്ഥയിലാണ് ഈ ഉത്തരവാദിത്തം വന്നു ചേർന്നിട്ടുള്ളത്. സുതാര്യമായ ഒരു സർക്കാരായിരിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. ഇന്നത്തെ തമിഴ്നാടിൻ്റെ അവസ്ഥയെ കുറിച്ച് നിങ്ങൾക്കു മുന്നിൽ ധവള പത്രം ഇറക്കി കാണിച്ചിട്ട് വേണം ഇവിടെ നിന്നും എനിക്ക് മുന്നോട്ടു കൊണ്ടു പോകാനെന്നും വിജയ് അറിയിച്ചു.

ഇതൊരു പുതിയ തുടക്കമാണ്. യഥാർഥ മതേതര, സാമൂഹികനീതിക്കായുള്ള പുതുയുഗത്തിൻ്റെ ആരംഭം കുറിയ്ക്കുകയാണെന്നും പറഞ്ഞ വിജയ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി , കെ.സി വേണുഗോപാൽ, എം.എ. ബേബി എന്നിവർക്കും നന്ദി അറിയിച്ചു.

SCROLL FOR NEXT