ASSEMBLY ELECTION 2026

കേരളത്തില്‍ ഇഞ്ചോടിഞ്ച്, യുഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത: ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

2021ല്‍ യഥാര്‍ഥ ഫലത്തോട് ഏറ്റവും അടുത്തുനിന്ന പ്രവചനം നടത്തിയത് ടുഡേയ്‌സ് ചാണക്യ ആയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ ഇഞ്ചോടിഞ്ച് മത്സരമെന്ന് പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 55 മുതല്‍ 73 വരെ സീറ്റുകളും യുഡിഎഫിന് 60 മുതല്‍ 78 വരെ സീറ്റുകളും പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് 3 മുതല്‍ 11 വരെ എന്നാണ് പ്രവചനം. 2021ല്‍ യഥാര്‍ഥ ഫലത്തോട് ഏറ്റവും അടുത്തുനിന്ന പ്രവചനം നടത്തിയത് ടുഡേയ്‌സ് ചാണക്യ ആയിരുന്നു.

തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത പ്രവചിക്കുന്ന തരത്തിലാണ് ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ എല്‍ഡിഎഫിന് 73 വരെയും യുഡിഎഫിന് 78 വരെയും സീറ്റുകള്‍ പ്രവചിക്കുന്ന ടുഡേയ്‌സ് ചാണക്യ ഇരുപക്ഷത്തിനും ഭരണം കിട്ടാനുള്ള സാധ്യതയെ തള്ളികളയുന്നില്ല. എങ്കിലും മുന്‍തൂക്കം യുഡിഎഫിനാണ് നല്‍കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിഭാഗവും യുഡിഎഫിന് അനുകൂലമായിരുന്നു. സിഎന്‍എന്‍ ന്യൂസ്, പീപ്പിള്‍സ് പള്‍സ്, സീ ന്യൂസ്, മാട്രിസ്, ജെവിസി, പി മാര്‍ക്, ആക്‌സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, ബീക്കണ്‍ എക്‌സ്‌ക്യൂസീവ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. യുഡിഎഫ് 90 സീറ്റ് വരെ നേടുമെന്നുമാണ് പ്രവചനം. എല്‍ഡിഎഫിന് 62 വരെയും എന്‍ഡിഎയ്ക്ക് നാല് സീറ്റുകളും ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സിഎന്‍എന്‍ ന്യൂസും പ്രവചിക്കുന്നത്. യുഡിഎഫിന് 70 മുതല്‍ 80 വരെ സീറ്റ് ലഭിക്കും. എല്‍ഡിഎഫിന് 58 മുതല്‍ 68 വരെയും എന്‍ഡിഎയ്ക്ക് നാല് സീറ്റ് ലഭിക്കുമെന്നും സിഎന്‍എന്‍ ന്യൂസ് പ്രവചിക്കുന്നു.

കേരളത്തില്‍ യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ ലഭിക്കുമെന്നാണ് പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 55 മുതല്‍ 65 സീറ്റ് വരെയും ബിജെപി മൂന്ന് വരെ സീറ്റുകളും നേടുമെന്നും പ്രവചനം. യുഡിഎഫിന് 63 മുതല്‍ 74 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 70 വരെയും എന്‍ഡിഎയ്ക്ക് അഞ്ച് വരെയും സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 70 മുതല്‍ 75 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. എല്‍ഡിഎഫിന് 60 മുതല്‍ 65 വരെയും ബിജെപിക്ക് നാല് സീറ്റ് വരെ ലഭിക്കുമെന്നും മാട്രിസിന്റെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

യുഡിഎഫിന് 84 വരെ സീറ്റുകളും എല്‍ഡിഎഫിന് 61 സീറ്റുകളും എന്‍ഡിഎയ്ക്ക് ഏഴ് സീറ്റും ലഭിക്കുമെന്നാണ് ജെവിസി പ്രവചിക്കുന്നത്. യുഡിഎഫിന് 79 സീറ്റുകള്‍ വരെയാണ് പി-മാര്‍ക്ക് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 69 വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്നും ലഭിക്കുമെന്നും പി-മാര്‍ക്ക് പ്രവചിക്കുന്നു. 81 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് ബീക്കണ്‍ എക്‌സ്‌ക്ലൂസീവ് പ്രവചിക്കുന്നത്. 62 വരെ സീറ്റുകള്‍ എല്‍ഡിഎഫും അഞ്ച് വരെ സീറ്റുകള്‍ എന്‍ഡിഎയും നേടുമെന്നും പ്രവചനം. 80 വരെ സീറ്റുകള്‍ യുഡിഎഫും 68 വരെ എല്‍ഡിഎഫും നാല് വരെ സീറ്റുകള്‍ എന്‍ഡിഎയും നേടുമെന്നാണ് വോട്ട് വൈബും പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ടീം പിഎസ്ആറും പ്രവചിക്കുന്നത്. യുഡിഎഫിന് 74 മുതല്‍ 80 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. എല്‍ഡിഎഫിന് 56 മുതല്‍ 64 വരെയും ബിജെപിക്ക് നാല് സീറ്റും ലഭിക്കുമെന്നും ടീം പിഎസ്ആറിന്റെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എല്‍ഡിഎഫ് 58-64 സീറ്റുകള്‍, യുഡിഎഫ് 72-80 സീറ്റുകള്‍, എന്‍ഡിഎ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സര്‍വേ ഫലം.

അതേസമയം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഭരണമാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

SCROLL FOR NEXT