പാലക്കാട്: നിലവിൽ എംഎൽഎ ആകുന്നയാൾ തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. ഒരു വീട്ടിൽ തന്നെ എംപിയും എംഎൽഎയും ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും എല്ലാം പാർട്ടിയാണ് തീരുമാനിക്കുകയെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് മികച്ച വിജയം നേടും. മതേതര സ്വഭാവമുള്ള പാലക്കാട്ടുകാർ വർഗീയ പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം ഏറ്റവും അലയടിച്ച ജില്ലയാണ് പാലക്കാടെന്നും പരമ്പരാഗത കമ്യൂണിസ്‌റ്റ് വോട്ടുകളിൽ വിള്ളൽ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് 12 ൽ 7 സീറ്റും യുഡിഎഫ് ലഭിക്കും. പി.കെ. ശശിയും എ. സുരേഷും വലിയ തരംഗം ഉണ്ടാക്കിയെന്നും കോങ്ങാട് അട്ടിമറി വിജയം ഉണ്ടാകുമെന്നും വി.കെ. ശ്രീകണ്ഠൻ അവകാശപ്പെട്ടു.
അതേസമയം, രമേശ് പിഷാരടിക്ക് വേണ്ടി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. "ഇനി പാലക്കാടിൻ്റെ എംഎൽഎ" എന്ന പേരിൽ രമേശ് പിഷാരടിയുടെ ജന്മനാടായ കാരിക്കോട് ഗ്രാമത്തിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.