നാടകീയതകൾക്ക് ഒടുവിൽ മുഖ്യമന്ത്രി പദവി വി.ഡി. സതീശന് എന്ന് സൂചന. കെ.സി.വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജനവികാരം മാനിച്ചാണ് ഹൈക്കമാൻഡിൻ്റെ നിലപാടെന്നാണ് വിവരം.
മുഖ്യമന്ത്രി ചർച്ചകൾ എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ ഇന്ന് 10 മണിയോടെ എഐസിസി നിരീക്ഷക യോഗം ചേർന്നിരുന്നു. മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ നടന്ന തിരക്കിട്ട ചർച്ചയിലാണ് തീരുമാനം. കേരളത്തിൽ വി.ഡി.സതീശന് അനുകൂലമായ ജനവികാരം ഉള്ളതായാണ് നിരീക്ഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെന്നാണ് വിവരം. അതേസമയം, കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി.വേണുഗോപാലിനാണെന്നത് ഹൈക്കമാൻഡിനെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.സിയോട് പിന്മാറാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.
ജനവികാരം വി.ഡിക്ക് അനുകൂലമാണെന്ന വിവരം ഹൈക്കമാൻഡ് രാഹുൽ ഗാന്ധിയേയും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വി.ഡി.സതീശനായിരുന്നു പിന്തുണ കൂടുതൽ. ഹൈക്കമാൻഡിൻ്റെ സമ്മർദത്തിന് വഴങ്ങിയാൽ വി.ഡി.സതീശനിലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തിയേക്കും. അതേസമയം, രമേശ് ചെന്നിത്തലയും ചിത്രത്തിലുള്ളതിനാൽ കെ.സി.വേണുഗോപാൽ പിന്മാറുകയാണെങ്കിൽ തന്നെ പകരം ആരുടെ പേരായിരിക്കും നിർദേശിക്കുക എന്നതിലും വ്യക്തതയില്ല.
എംഎൽമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിലും അഞ്ചു വർഷം വി.ഡി.സതീശനാണ് നയിച്ചത് എന്ന പാർട്ടി പ്രവർത്തകരുടെ പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലമായ ഇരിക്കൂറിൽ പോലും വി.ഡി.സതീശന് അനുകൂലമായ ഫ്ലക്സുകൾ ഉയർന്നിരുന്നു. ഇനിയൊരു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നാൽ ഇത് ചിലപ്പോൾ കോൺഗ്രസിനെ മിന്നും ജയത്തെ നെഗറ്റീവായി ബാധിച്ചേക്കാമെന്ന നിരീക്ഷണവും എഐസിസി നിരീക്ഷക സംഘത്തിൻ്റെ ഭാഗത്തു നിന്നുണ്ടായതായാണ് സൂചന. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായി പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ തന്നെ തെരുവുകളിലേക്കിറങ്ങിയതും നിരീക്ഷക സംഘത്തിൻ്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.