Source: News Malayalam 24x7
ASSEMBLY ELECTION 2026

മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്, ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ ആ 'ഡാഷും' കൂടി പൂരിപ്പിച്ചേനെ: വി.ഡി. സതീശൻ

രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ 'ഡാഷ് മോനെ രേവന്താ' പരാമർശത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ 'ഡാഷ് മോനെ രേവന്താ' പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ 'ഡാഷും' കൂടി പൂരിപ്പിച്ചേനെയെന്നും കേരളത്തിനത് എന്ത് നാണക്കേടായേനേ എന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

2018ലെ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി ഉണ്ടാക്കിയതെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണം ഗൗരവതരമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും രാജി വയ്ക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

പിണറായി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും വി.ഡി. സതീശൻ നടത്തി. അയ്യപ്പൻ്റെ സ്വർണം വരെ കൊള്ളയടിച്ചവർക്ക് കുടപിടിക്കുന്ന സമീപനം ആണ് പിണറായി സർക്കാർ സ്വീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിൽ നടന്നത് കൊള്ള. സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളുടെയും പ്രഖ്യാപനം മാത്രമേ നടന്നുള്ളൂ. ഒന്നും യാഥാർഥ്യമായില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു, എന്നാൽ ഇന്ന് മുഖ്യമന്ത്രി അതാണ് കാണിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. പിഡിപി, എസ്ഡിപിഐ അടക്കം എല്ലാ വർഗീയ പാർട്ടികളുമായാണ് ഇപ്പോൾ ഡീലെന്നും സതീശൻ പറഞ്ഞു.

സിപിഐഎം രക്തസാക്ഷി ഫണ്ട് മുക്കിയെന്നും സതീശൻ ആരോപിച്ചു. അഭിമന്യു ഫണ്ടും വിഷ്ണു ഫണ്ടും തട്ടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിച്ചവരാണ് ശവംതീനികൾ. അത് മറച്ചു വയ്ക്കാനാണ് വയനാട് ഫണ്ട് വിവാദമാക്കുന്നത്. സർക്കാരിൻ്റെ വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകളും അഴിമതിയുമുണ്ട്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പദ്ധതിയിലെ മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

SCROLL FOR NEXT