കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ സതീശൻ പക്ഷം. ദീപ ദാസ് മുൻഷിയെ വിശ്വാസമില്ല. നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം കേൾക്കുമ്പോൾ ദീപ ദാസ് മുൻഷി ഉണ്ടാകാൻ പാടില്ലെന്നുമാണ് സതീശൻ പക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയെ നിർണയിക്കുന്ന ചർച്ചകളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും സതീശൻ പക്ഷം ആവശ്യപ്പെട്ടിരുന്നു.
എംഎൽഎമാരും എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രഹസ്യ സ്വഭാവം വന്നാൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയ്ക്കുമെന്നാണ് സതീശൻ പക്ഷം വ്യക്തമാക്കുന്നത്. 35 എംഎൽഎമാർ ഒപ്പം നിൽക്കുമെന്നും സതീശൻ പക്ഷം പ്രതീക്ഷിക്കുന്നു.
അതേസമയം, നിരീക്ഷകരെ ഒപ്പം നിർത്താനും ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കാനും കെ.സി. നീക്കം നടത്തുമെന്നും സൂചനയുണ്ട്. 46 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി. വേണുഗോപാലിന്റെ അവകാശവാദം. ഒപ്പം നിൽക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്.
മുഖ്യമന്ത്രി നിർണയത്തിൽ കോൺഗ്രസിന്റെ നിർണായക യോഗം സോണിയ ഗാന്ധിയുടെ വസിതിയിൽ രാവിലെ 11 മണിക്ക് ചേരും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.