ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ നിശിത വിമർശനവുമായി ന്യൂസ് മലയാളം ഇലക്ഷൻ ട്രവാലറിൽ വെള്ളാപ്പള്ളി നടേശൻ. സതീശന് ബൂർഷ്വാ മനസ്ഥിതിയാണ്. ലീഗിൻ്റെ വക്താവായി നിൽക്കുന്നതിൻ്റെ ഫലമാണ് സതീശനുള്ളത്. കെ. സുധാകരനെ ഒതുക്കിയതും സതീശനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കോൺഗ്രസ് നൂറ് സീറ്റ് നേടിയാൽ കാക്ക മലർന്ന് പറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി. വേണുഗോപാൽ ആണ്. ചെന്നിത്തലയ്ക്ക് രാഷ്ട്രീയ തന്ത്രങ്ങളും ഗുണങ്ങളും ഉണ്ടെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു.
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ വരണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരിക്കണം. രാഹുൽ ഗാന്ധി ഈ പണിക്ക് കൊള്ളാത്തയാളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. വീണാ ജോർജിനെ നശിപ്പിക്കുക എന്നത് ചിലരുടെ ദുഷ്ടലാക്കോട് കൂടിയ അജണ്ടയാണ്. ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കഷ്ടമാകും എന്ന തരത്തിലാണ് ചിലരുടെ സമീപനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജി. സുധാകരൻ ജയിക്കുമോ ഇല്ലയോ എന്ന കാര്യം തനിക്കറിയാം, എന്നാൽ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് ബുദ്ധിമുട്ടുണ്ടായ ഘട്ടത്തിൽ താങ്ങും തണലുമായി നിന്ന നേതാവാണ് സുധാകരനെന്നും വെള്ളാപ്പള്ളി ഓർത്തെടുത്തു. മുസ്ലീം വിരുദ്ധതയല്ല, മുസ്ലീം ലീഗ് വിമർശനമാണ് താൻ ഉയർത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.