തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും 
ASSEMBLY ELECTION 2026

ഇനി ദളപതി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

വിജയ് നാളെ രാവിലെ 11.30 സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിൻ്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി. ഗവർണർ രാജേന്ദ്ര അർലേക്കർ ഉച്ചയോടെ ചെന്നൈയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിജയ് അദ്ദേഹത്തെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്.

ബുധനാഴ്ച രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, ഒരു രാത്രി നീണ്ട ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഏകദേശ ധാരണയായത്. ഉച്ചയോടെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

വിജയ്‌ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 മന്ത്രിമാരാണുള്ളത്. മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുണ്ട്.

ഇടതുപക്ഷ പാർട്ടികളായ വിസികെ, സിപിഐഎം, സിപിഐ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് ചെറിയ പ്രാദേശിക പാർട്ടികളുമായി നടൻ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇവരുടെ കൂടെ പിന്തുണ ലഭിച്ചാൽ വിജയ്‌യുടെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടും.

അതിനിടെ ടിവികെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഡിഎംകെ രംഗത്തെത്തി. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ എക്സിൽ കുറിച്ചു. ടിവികെ പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണ്, ഇത് ഡിഎംകെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT