വിജയ് 
ASSEMBLY ELECTION 2026

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഗവർണറോട് സാവകാശം തേടി വിജയ്; 118 എന്ന മാന്ത്രിക സംഖ്യ തൊടാനാകുമോ? സാധ്യത എങ്ങനെ?

234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയുടെ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയ്‌യുടെ നീക്കം. 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ടിവികെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായിട്ടില്ല. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുലമായ നീക്കത്തിലാണ്.

അതേസമയം, സർക്കാർ രൂപീകരണ ചർച്ചകൾ ടിവികെയിൽ സജീവമാണ്. സർക്കാർ രൂപീകരിക്കാൻ സാവകാശം തേടി വിജയ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. കോൺഗ്രസിൻ്റേയും ചെറുപാർട്ടികളുടെയും പിന്തുണ ടിവികെ തേടും. ചെന്നൈയിൽ ഇന്ന് നിർണായക യോഗം ചേരാൻ വിജയ് തീരുമാനിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സിപിഐഎം നേതൃത്വവുമായടക്കം വിജയ് ബന്ധപ്പെട്ടിട്ടുണ്ട്. എം.കെ. സ്റ്റാലിന്‍റെ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച രണ്ട് എംഎൽഎമാരുള്ള സിപിഐഎമ്മിനെ ഒപ്പം നിർത്താനാണ് ടിവികെയുടെ ശ്രമം. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സിപിഐഎം വൃത്തങ്ങൾ നൽകുന്ന സൂചന.

പദ്മനാഭപുരം, കീഴ്‌വേലൂർ എന്നീ സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ സിപിഐഎം വിജയിച്ചത്. സിപിഐഎമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം.

10 സീറ്റുകളുടെ പിന്തുണ തേടാനുള്ള സാധ്യതയെങ്ങനെ?

ഡിഎംകെയുമായി സഖ്യത്തിലുള്ള കോൺഗ്രസ് (5 സീറ്റ്), സിപിഐ (2 സീറ്റ്), സിപിഐഎം (2 സീറ്റ്), വിടുതലൈ ചിരുതൈകൾ കച്ചി (2 സീറ്റ്) എന്നിവരെ സ്വന്തം കൂടാരത്തിലെത്തിക്കാനാണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. എന്നാൽ അത് ഡിഎംകെയെ രാഷ്ട്രീയമായി ദുർബലമാക്കുന്ന തീരുമാനമായി മാറും.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തമിഴ്നാട്ടിലെ കോൺഗ്രസ് ടിവികെയുമായി സീറ്റ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കൂടുതൽ സീറ്റുകൾ ഓഫർ ചെയ്ത ഡിഎംകെയ്ക്ക് ഒപ്പം മുന്നണിയായി തന്നെയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2006ൽ കേവലഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ഡിഎംകെ അധികാരത്തിലേറിയതിന് സമാനമായ സാഹചര്യമാണ് തമിഴ്‌നാട്ടിൽ ഇപ്പോഴുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതല്ലെങ്കിലും ഭരണത്തിലേറാൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് മറ്റു മാർഗങ്ങളുണ്ട്. തമിഴ്‌നാട് നിയമസഭയിൽ അഞ്ച് സീറ്റുകളുള്ള പട്ടാളി മക്കൾ കച്ചി അഥവാ പിഎംകെയുടെ പിന്തുണ തേടലാണ്. ഭരണം പിടിക്കാൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എഐഎഡിഎംകെയുടെ സഹായം തേടുന്നത് ആശയപരമായി പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് എതിരായതിനാൽ ടിവികെ ആ മാർഗം തേടാൻ സാധ്യത കുറവാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (2 സീറ്റ്), ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന ഡിഎംഡികെ (ഒരു സീറ്റ്), അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന എഎംഎംകെഎംഎൻകെ (ഒരു സീറ്റ്), ബിജെപി (ഒരു സീറ്റ്) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റ് നില.

SCROLL FOR NEXT