വിജയ്‌ Source: Files
ASSEMBLY ELECTION 2026

തമിഴകത്ത് വിസ്മയമായി വിജയ്‌യുടെ ടിവികെ; ആ 'മാസ് എൻട്രി' ഇനി നിയമസഭയിലേക്ക്

വെള്ളിത്തിരയിൽ കണ്ടിരുന്ന ആ 'മാസ് എൻട്രി' ഇനി നിയമസഭയിലേക്ക്...

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ബോക്സ് ഓഫീസിലെ റെക്കോർഡുകൾ പഴങ്കഥയാക്കി ദളപതി വിജയ് ഇനി തമിഴ്നാടിന്റെ ഭരണചക്രം തിരിക്കും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ചക്രവർത്തിയായി വിജയ് മാറുമ്പോൾ, അമ്പേ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും സ്വന്തം മണ്ഡലത്തിൽ വീണ അവിശ്വസനീയമായ കാഴ്ച. വെള്ളിത്തിരയിൽ കണ്ടിരുന്ന ആ 'മാസ് എൻട്രി' ഇനി നിയമസഭയിലേക്ക്.

രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളെയും എക്സിറ്റ് പോൾ ഫലങ്ങളെയും അപ്രസക്തമാക്കിയാണ് ടിവികെയുടെ തേരോട്ടം. ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചതുപോലെ തന്നെ നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ്‌യുടെ പാർട്ടി മാറിക്കഴിഞ്ഞു.

'എനിക്കായി എല്ലാം വിട്ടുനൽകിയിറങ്ങിയ ആരാധകർക്കായി, ഞാനിറങ്ങുകയാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം... നല്ലതേ നടക്കൂ... വിജയം നിശ്ചയം' വിജയ്‌യുടെ ഈ ആത്മവിശ്വാസം വെറുതെയായില്ല. രജനീകാന്ത് കഴിഞ്ഞാൽ സ്വന്തം ചിരികൊണ്ടും സ്റ്റൈൽ കൊണ്ടും ആരാധകരെ ഇത്രമേൽ ഇളക്കിമറിക്കുന്ന മറ്റൊരു താരം തമിഴകത്ത് വേറെയില്ല. എന്നാൽ രാഷ്ട്രീയ ഗോദയിൽ വിജയ് രജനിക്കും മുകളിലാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 1983ൽ എൻടിആർ ആന്ധ്രയിൽ നടത്തിയ മുന്നേറ്റത്തിന് സമാനമാണ് വിജയ്‌യുടെ ഈ കുതിപ്പ്. സിനിമ ഉപേക്ഷിച്ച് പൂർണമായി രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, എൻടിആറിന്റെ ചൈതന്യ രഥം പോലെ തമിഴ്നാട്ടിലുടനീളം നടത്തിയ റോഡ് ഷോകൾ വോട്ടർമാരെ സ്വാധീനിച്ചു. എംജിആറിന് ശേഷം തമിഴ്ജനത ഇത്രയേറെ നെഞ്ചിലേറ്റുന്ന മറ്റൊരു നേതാവില്ലെന്ന് ഫലങ്ങൾ തെളിയിക്കുന്നു.

തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ അപകടം, കേസുകൾ, സാമ്പത്തിക അന്വേഷണങ്ങൾ, വ്യക്തിപരമായ അവഹേളനങ്ങൾ... വെല്ലുവിളികൾ ഏറെയായിരുന്നു. എന്നാൽ സകല വീഴ്ചകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന സിനിമയിലെ വിജയ് കഥാപാത്രങ്ങളെപ്പോലെ താരം തമിഴ് മണ്ണിൽ ഉതിച്ചുയർന്നു.

വിജയ്‌യുടെ വിജയത്തിന് പിന്നിൽ കൃത്യമായ പ്ലാനിംഗും ജനകീയ വാഗ്ദാനങ്ങളുമുണ്ടായിരുന്നു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപയും 6 സൗജന്യ ഗ്യാസ് സിലിണ്ടറുകളും നൽകുമെന്ന പ്രഖ്യാപനം സ്ത്രീ വോട്ടർമാരെ ടിവികെ പാളയത്തിൽ എത്തിച്ചു. നീറ്റ് പരീക്ഷ നീക്കം ചെയ്ത് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകുമെന്ന ഉറപ്പ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ സ്വാധീനിച്ചു.

തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ച ഏറ്റവും വലിയ വാർത്ത മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാജയമാണ്. ഡിഎംകെയുടെ ഉരുക്കുകോട്ടയായ കൊളത്തൂരിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് 9122 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. സ്പീക്കർ അപ്പാവു ഉൾപ്പെടെയുള്ള പ്രമുഖരും ടിവികെയുടെ യുവനിരയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ മാറിയതോടെ സർക്കാർ രൂപീകരണ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. എഐഎഡിഎംകെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചനകളുണ്ട്. എങ്കിലും കോൺഗ്രസ് അടക്കമുള്ള മറ്റ് ചെറിയ പാർട്ടികളുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിനായിരിക്കും ടിവികെ മുൻഗണന നൽകുക എന്നാണ് വിവരം.

സംവിധായകനും നിർമാതാവുമായ അച്ഛന്റെ കൈപിടിച്ച് പതിനെട്ടാം വയസിൽ 'നാളെയ തീർപ്പ്' എന്ന സിനിമയിലൂടെ എത്തിയ ആ യുവാവ് പിന്നീട് തമിഴകത്തിന്റെ ഹൃദയമിടിപ്പായി. സിനിമയിലെ ദളപതി യഥാർഥ ജീവിതത്തിൽ തമിഴ്നാടിന്റെ ദളപതിയായി അധികാരമേൽക്കുന്ന നിമിഷത്തിൽ വിസിൽ പോടാൻ കാത്തിരിക്കുകയാണ് തമിഴ്നാടാകെ.

SCROLL FOR NEXT