കേരളം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ജനാധിപത്യ ഭരണ ക്രമത്തില്‍ അര്‍ഹമായി വേണ്ട സ്ത്രീ പ്രാതിനിധ്യം എന്നത് ഏടിലുറങ്ങുകയാണോ. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന വികസനങ്ങളുള്ള കേരളത്തിന് തെരഞ്ഞെടുപ്പിലെ സ്ത്രീപ്രാതിനിധ്യം ഇന്നും ബാലികേറാമലയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ജാതി, മത സമവാക്യങ്ങളെ കീറിമുറിച്ച് പ്രാതിനിധ്യത്തില്‍ കൃത്യമായ സമവാക്യങ്ങള്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, എന്തുകൊണ്ടാണ് സ്ത്രീ പ്രാതിനിധ്യത്തിന് നേരെ കണ്ണടയ്ക്കുന്നത്.
126 അംഗങ്ങളുണ്ടായിരുന്ന 1957 ലെ ആദ്യ കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ ഉണ്ടായിരുന്നത് ആറ് വനിത എംഎല്‍എമാര്‍. അവരില്‍ കെ.ആര്‍. ഗൗരിയമ്മ, കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചു. എന്നാല്‍ 2026ല്‍ ഏഴ് നൂറ്റാണ്ടിന് അപ്പുറം, ഇപ്പോള്‍ നിയമസഭയിലുള്ളത് വെറും 12 വനിതകള്‍. ഇവരില്‍ മൂന്ന് പേര്‍ മാത്രം മന്ത്രിമാരായി. 2021ലെ പൊതു തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ മത്സരിച്ചത് 103 വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമായിരുന്നു. 1967ലും 1977ലും കേരളാ നിയമസഭയിൽ ഓരോ വനിതാ അംഗം മാത്രമാണ് ഉണ്ടായിരുന്നത്. 1996ൽ 13 വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു.
1952 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വെറും 100 സ്ത്രീകളാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ വനിതാ സാമാജികര്‍ തെരഞ്ഞെടുക്കപ്പെട്ടത് സിപിഐഎമ്മില്‍ നിന്നാണ്. 41 പേര്‍. കോണ്‍ഗ്രസ് -28. സിപിഐയുടേത് -22. പതിനൊന്ന് പേര്‍ മാത്രമാണ് ഇക്കാലയളവില്‍ വനിത മന്ത്രിമാരായത്.
മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് 52 ശതമാനം സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ ആകെ 12 പേര്‍. ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് ഒരു സ്ത്രീ. രാജ്യസഭയിലും ഒരു സ്ത്രീ. കേരളത്തില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനവും ഭരിക്കുന്നത് സ്ത്രീകളായിട്ട് പോലും നിയമസഭയിലോ പാര്‍ലമെന്റിലോ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് അര്‍ഹമായ പരിഗണന കൊടുക്കുന്നില്ല, എന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ 20 ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള ഒരു നിയമസഭയും ഇന്ത്യയിലില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഭരണതലത്തില്‍ നിലവില്‍ വരണമെങ്കില്‍ ഇനിയും നമ്മുടെ രാജ്യത്ത് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.