Toyota Hilux  Source; Social Media
AUTO

വരുന്നത് ഒമ്പതാം തലമുറ; ടൊയോട്ട ഹിലക്സ് ട്രാവോ നവംബറിൽ എത്തും, ഇന്ത്യൻ വിപണി ഇനിയും കാത്തിരിക്കണം

രാജ്യത്ത് കമ്പനി ഫയൽ ചെയ്ത ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ പ്രകാരം വരാനിരിക്കുന്ന 9-ാം തലമുറ മോഡലിനെ ഹിലക്‌സ് ട്രാവോ എന്നാകും വിളിക്കുക.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിൽ മാത്രമല്ല ലോകത്താകെ തന്നെ ഏറെ പ്രചാരമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. നിരവധി രാജ്യങ്ങളിലായി ഏറെ വിൽപ്പനയുള്ളതും ജനപ്രിയവുമായ ടൊയോട്ടയുടെ മിഡ് സൈസ് പിക്കപ്പ് ട്രക്ക് ഹിലക്സിന്റെ ഒമ്പതാം തലമുറയെത്തുകയാണ് ഇനി വിപണിയിൽ. 'ഹിലക്സ് ട്രാവോ' എന്ന പേരിലെത്തുന്ന പുതിയ താരം 2025 നവംബർ മാസത്തോടെ തായലൻഡിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിലെ എട്ടാം തലമുറ ഹിലക്‌സ് മോഡലിനെ ഹിലക്‌സ് റെവോ എന്നാണ് തായ്‌ലൻഡിൽ അറിയപ്പെടുന്നത്. രാജ്യത്ത് കമ്പനി ഫയൽ ചെയ്ത ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ പ്രകാരം വരാനിരിക്കുന്ന 9-ാം തലമുറ മോഡലിനെ ഹിലക്‌സ് ട്രാവോ എന്നാകും വിളിക്കുക. 2025 തായ്‌ലൻഡ് മോട്ടോർ എക്‌സ്‌പോയോട് അനുബന്ധിച്ച്, 9-ാം തലമുറ ടൊയോട്ട ഹിലക്‌സ് ട്രാവോ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുൻവശത്ത് കാര്യമായ മാറ്റങ്ങളും, കൂടുതൽ ഫീച്ചറുകളോടു കൂടിയ ഇന്റീരിയറും വാഹനത്തിനുണ്ടാകും. പിറക് വശത്തും ഡിസൈനിൽ ചില മാറ്റങ്ങൾ കാണാം. ഡിസൈൻ പേറ്റന്റുകൾ ഓൺലൈനിൽ ചോർന്നതോടെയാണ് പുത്തൻ ഹിലക്സിന്റെ ഡിസൈനിലെ മാറ്റങ്ങൾ ചർച്ചയായത്.

കൃത്രിമ എയർ ഇൻടേക്ക് അല്ലെങ്കിൽ ഫങ്ഷണൽ എയർ കർട്ടനുകൾക്ക് ചുറ്റും ബൂമറാങ് ആകൃതിയിലുള്ള സ്ലീക്ക് ഹെഡ്‌ലൈറ്റുകളും ചിസൽഡ് ലൈനുകളും കാണാം. രണ്ട് ഹെഡ്‌ലൈറ്റുകളും ടൊയോട്ട ലെറ്ററിംഗ് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഘടകവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹണികോമ്പ് ആകൃതിയിലുള്ള മുകളിലെ ഗ്രില്ലും തിരശ്ചീന സ്ലാറ്റുകളുള്ള താഴത്തെ ഗ്രില്ലും ഉണ്ട്. എഡിഎഎസിനുള്ള റഡാർ മൊഡ്യൂൾ സ്ഥിതി ചെയ്യുന്നത് താഴത്തെ ഗ്രില്ലിലാണ്. അടിയിൽ ഒരു മെറ്റൽ ബാഷ് പ്ലേറ്റ് ഉള്ളതായും പറയുന്നു.

അലോയ് വീൽ ഡിസൈൻ പുതിയതായിരിക്കും. ഇതിന് 18 ഇഞ്ച് വലിപ്പം ഉണ്ടായിരിക്കും. ഉയരമുള്ള പ്രൊഫൈൽ ടയറുകൾ ഇതിൽ ഉൾപ്പെടുത്തും. ഉൾവശത്ത് പുതിയ ഡാഷ്‌ബോർഡിൽ ഒരു പ്രധാന മാറ്റം ഉണ്ടാകും. അതിൽ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലഭിക്കും. ഇത്തവണ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു ടിഎഫ്‍ടി യൂണിറ്റ് ആയിരിക്കാം. കൂടാതെ നിരവധി സവിശേഷതകൾക്കും സാധ്യതയുണ്ട്.

വെന്റിലേറ്റഡ് സീറ്റുകൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇന്റഗ്രേറ്റഡ് സ്റ്റെപ്പുള്ള പവർഡ് ടെയിൽ ഗേറ്റ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് റിയർ വിൻഡോ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിൽ ലഭിക്കും. പവർട്രെയിൻ നിലവിലേതുതന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 200 bhp വരെയും 500 Nm വരെയും കരുത്ത് പകരുന്ന 2.8L ടർബോ ഡീസൽ എഞ്ചിൻ, 4X4 ട്രാൻസ്‍ഫർ കേസിനൊപ്പം മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

നംബറിൽ തായ്‌ലൻഡ് വിപണികളിലെത്തുന്ന താരം ഇന്ത്യയിലേക്ക് പക്ഷെ ഉടൻ ഉണ്ടാകില്ലെന്നാണ് അറിയാൻ കഴിയുന്നത്. 2027 ന് ശേഷം മാത്രമേ ടൊയോട്ടയുടെ ഒമ്പതാം തലമുറക്കാരൻ ഹിലക്സ് ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുള്ളൂ. തായ്‌ലൻഡ് പോലുള്ള വിപണികളിൽ, ടൊയോട്ട ഹിലക്സിനുള്ള വലിയ പ്രധാന്യം കണക്കിലെടുത്താണ് ആദ്യം അവിടെതന്നെ ന്യൂജെൻ ഹിലക്സിനെ ഇറക്കുന്നത്.

SCROLL FOR NEXT