യൂറോപ്യൻ കമ്പനികൾ ഇന്ത്യൻ വിപണിയിൽ മങ്ങിപോയതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട് Source: Carwale
AUTO

ഈ കാറുകൾ വാങ്ങാൻ ആളില്ല! ഇന്ത്യൻ വിപണിയിൽ പ്രതാപം മങ്ങുന്ന യൂറോപ്യൻ ഭീമൻമാർ

ടാറ്റ മോട്ടോഴ്‌സ് , മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികളും, ജാപ്പനീസ് ഭീമനായ മാരുതി സുസുക്കിയും തന്നെയാണ് നിലവിൽ ഇന്ത്യൻ വിപണി ഭരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

യൂറോപ്യൻ ഭീമൻമാരായ റിനോൾട്ട്, ഫോക്‌സ്‌വാഗൺ, സ്കോഡ എന്നീ ഓട്ടോമൊബൈൽ നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. ജാറ്റോ ഡൈനാമിക്‌സ് എന്ന ഓട്ടോമോട്ടീവ് മാർക്കറ്റ് ഇന്റലിജൻസിൻ്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജാറ്റോയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ജാറ്റോ പുറത്തുവിട്ട ഡാറ്റ പ്രകാരം, റിനോൾട്ട് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2022-2023 ൽ 78,926 യൂണിറ്റുകളാണ് വിറ്റുപോയിരുന്നതെങ്കിൽ, 2023-24 സാമ്പത്തിക വർഷത്തിൽ അത് 45,439 യൂണിറ്റുകളായും, 2024-25 വർഷങ്ങളിൽ 37,900 യൂണിറ്റുകളായും വിൽപ്പന ഇടിഞ്ഞു.

സ്കോഡ കാറുകളുടെ വിൽപ്പനയുടെ കാര്യവും മറിച്ചല്ല. 2022-23 സാമ്പത്തിക വർഷം- 52,269 യൂണിറ്റുകൾ, 2023-24- 44,522 യൂണിറ്റുകൾ, 2024-25-44,866 യൂണിറ്റുകൾ, ഇങ്ങനെയാണ് സ്കോഡ വിൽപ്പനയുടെ കണക്ക്. എന്നാൽ 2023-23 വർഷത്തെ അപേക്ഷിച്ച്, 2024-25 വർഷത്തിൽ ചെറിയൊരു മാറ്റമുണ്ടാക്കാൻ സ്കോഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഫോക്‌സ്‌വാഗണാവട്ടെ, 2024-25 വർഷത്തിൽ മുൻവർഷത്തേക്കാൾ 967 യൂണിറ്റുകൾ കുറവാണ്.

യൂറോപ്യൻ ഭീമൻമാർ ഇന്ത്യയിൽ പതറുന്നത് എന്തുകൊണ്ട്?

യൂറോപ്യൻ കമ്പനികൾ ഇന്ത്യൻ വിപണിയിൽ പിന്നോട്ട് പോയതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്ന് ജാറ്റോ ഡൈനാമിക്സിൻ്റെ ഇന്ത്യൻ പ്രസിഡന്റ് രവി ജി. ഭാട്ടിയയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫോക്‌സ്‌വാഗൺ വെന്റോ, സ്കോഡ റാപ്പിഡ്, റെനോ സ്കാല തുടങ്ങിയ സെഡാൻ മോഡൽ കാറുകളിൽ കമ്പനികൾ അധികം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ് വിപണിയിൽ ഇടിവുണ്ടായതിന് പിന്നിലെ പ്രധാന കാരണം.ഇതോടെ ഇന്ത്യയിൽ അതിവേഗം വളരുന്ന എസ്‌യുവി വിഭാഗത്തിലേക്ക് മത്സരിക്കാൻ കമ്പനികളിൽ നിന്നും മോഡലുകൾ എത്താതായെന്ന് രവി ജി. ഭാട്ടിയ പറയുന്നു.

പ്രൊഡക്റ്റ് ലൈനുകൾ പുതുക്കുന്നതിലും കമ്പനികൾ പിന്നോട്ടാഞ്ഞു. " മന്ദഗതിയിലായിരുന്നു കമ്പനികൾ പ്രൊഡക്റ്റ് ലൈനുകൾ പുതുക്കിയിരുന്നത്. ഇതോടെ പല മോഡലുകളും നിശ്ചിത കാലത്തേക്ക് മാറ്റമില്ലാതെ തുടർന്നു. നെറ്റ്‌വർക്ക് റീച്ചും വളരെ ഇടുങ്ങിയതായിരുന്നു. പ്രത്യേകിച്ച് ടയർ 2, ടയർ 3 വിപണികളിൽ, നെറ്റ്‌വർക്ക് റീച്ച് ചുരുങ്ങിയതോടെ, വാഹനങ്ങൾ ആളുകളിലേക്കെത്തുന്നത് കുറഞ്ഞു," രവി ജി. ഭാട്ടിയ വിശദീകരിച്ചു.

പണി കൊടുത്തത് അധിക നികുതിയോ ?

ഇന്ത്യയുടെ നികുതി ഘടനയാണ് കമ്പനിക്ക് തലവേദനയായ മറ്റൊരു കാര്യം. പല കമ്പനികളും ചെറിയ വില നിശ്ചയിച്ച് ഉപയോക്താക്കളെ ആകർഷിച്ചപ്പോൾ, ഉയർന്ന നികുതി നിരക്ക് കാരണം യൂറോപ്യൻ കമ്പനികൾ പാടുപെട്ടു. ഇന്ത്യയിലെ നികുതി ഘടന പ്രകാരം, നാല് മീറ്ററിൽ താഴെ നീളവും ചെറിയ എഞ്ചിൻ ശേഷിയുമുള്ള കോം‌പാക്റ്റ് വാഹനങ്ങൾ നിർമിക്കുന്നവർക്ക് രാജ്യം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്പെസിഫിക്കേഷനുകൾക്കുള്ളിൽ പെട്രോൾ, സിഎൻജി, എൽപിജി വാഹനങ്ങൾക്ക് 28 ശതമാനം കുറഞ്ഞ ജിഎസ്ടിയും കുറഞ്ഞ നഷ്ടപരിഹാര സെസ്സും ബാധകമാണ്.

എന്നാൽ വലിയ വാഹനങ്ങൾക്ക് ഇന്ത്യ വളരെ ഉയർന്ന നികുതിയാണ് ചുമത്തുന്നത്. നാല് മീറ്ററിൽ കൂടുതൽ നീളവും 1,500 സിസി എഞ്ചിൻ വലുപ്പവുമുള്ള എസ്‌യുവികൾക്ക് സംയോജിത നികുതിയിലും സെസിലും 50 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്.

"ചെലവ് കുറഞ്ഞ കോം‌പാക്റ്റ് മോഡലുകൾക്ക് പേരുകേട്ട ജാപ്പനീസ്, കൊറിയൻ ഒഇഎമ്മുകൾക്ക് ഈ ഘടനയിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. പരമ്പരാഗതമായി വലുതും കൂടുതൽ പ്രീമിയവുമായ മോഡലുകൾ നിർമിക്കുന്ന യൂറോപ്യൻ ബ്രാൻഡുകൾ, ഈ പരിധികൾക്കുള്ളിൽ പൊരുത്തപ്പെടാനും മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാനും വളരെയധികം പാടുപെട്ടു," രവി ജി. ഭാട്ടിയ കൂട്ടിച്ചേർത്തു.

വിപണി ഭരിക്കുന്നത് ആര്?

ടാറ്റ മോട്ടോഴ്‌സ് , മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികളും, ജാപ്പനീസ് ഭീമനായ മാരുതി സുസുക്കിയും തന്നെയാണ് നിലവിൽ ഇന്ത്യൻ വിപണി ഭരിക്കുന്നത്. പ്രാദേശികവൽക്കരണം, നിരന്തര പ്രൊഡക്ട് അപ്‌ഡേറ്റുകൾ, സി‌എൻ‌ജി, ഹൈബ്രിഡ് വാഹനങ്ങൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEV) പോലുള്ള ബദൽ ഇന്ധന സാങ്കേതികവിദ്യകൾ വിപണിയിൽ അവതരിപ്പിച്ചത് തന്നെയാണ് കമ്പനികൾക്ക് കൂടുതൽ വിൽപ്പന നേടിക്കൊടുത്തത്.

എന്നാൽ യൂറോപ്യൻ കാർ നിർമാതാക്കളും മാറ്റങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതായി ഭാട്ടിയ അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സബ്‌കോംപാക്റ്റ് എസ്‌യുവിയായ സ്കോഡ കൈലാഖിന്റെ സമീപകാല ലോഞ്ച് ഈ മാറ്റത്തിനെ സൂചിപ്പിക്കുന്നതാണ്. “ഇന്ത്യയെ ഒരു നിർമാണ, കയറ്റുമതി കേന്ദ്രമായി മാത്രമല്ല, ഒരു ഗവേഷണ വികസന കേന്ദ്രമായും ഉപയോഗപ്പെടുത്തുകയാണെങ്കിൽ കമ്പനികൾക്ക് വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയും. ഇതിനൊപ്പം ചെലവ് കുറഞ്ഞ, നാല് മീറ്ററിൽ താഴെ നീളമുള്ള മോഡലുകൾ നിർമിക്കാനും കമ്പനി ശ്രദ്ധ ചെലുത്തണം," രവി. ജി. ഭാട്ടിയ പറയുന്നു.

SCROLL FOR NEXT