ഗ്ലാമർ സീരിസിലെ പുത്തൻ ബൈക്ക് പുറത്തിറക്കി ഇന്ത്യക്കാരുടെ ഇഷ്ട കമ്പനിയായ ഹീറോ മോട്ടോകോർപ്പ്. അടിമുടി മാറ്റവുമായാണ് ഗ്ലാമർ എക്സ് 125 ഷോറൂമുകളിലേക്കെത്തുന്നത്. ഡിസൈനിൻ്റെ കാര്യത്തിൽ പൂർണ നവീകരണമാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിന് പുറമെ നിരവധി പുതിയ സവിശേഷതകളും ഉണ്ട്.
ഗ്ലാമർ എക്സ് 125 ഡ്രം വേരിയൻ്റിന് 89,999 രൂപയും ഡിസ്ക് വേരിയൻ്റിന് 99,999 രൂപയുമാണ് എക്സ് ഷോറൂം വില. ഡീലർഷിപ്പുകളിലും ഹീറോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ബുക്കിങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. ഗ്ലാമർ എക്സ് 125ൻ്റെ പ്രധാന സവിശേഷതകൾ പരിശോധിക്കാം.
പുതിയ ഗ്ലാമർ എക്സ് 125 ഒരു സാധാരണ കമ്മ്യൂട്ടർ ബൈക്കിൽ നിന്ന് വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. കുറച്ച് അഗ്രസീവ് ലുക്കാണ് പുതിയ ഗ്ലാമറിന് ഉള്ളത്. ഷാർപ്പ് ഫ്രണ്ട് ഫെയറിംഗും, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പും ഇതിന് ഒരു എഡ്ജ് ഫെയ്‌സ് നൽകുന്നു. മസ്കുലർ ഷ്രൗഡുകളുള്ള പുതിയ സ്കൾപ്റ്റഡ് ഫ്യുവൽ ടാങ്ക്, ഡ്യുവൽ-ടോൺ നിറങ്ങൾ, പുതിയ ഗ്രാഫിക്സ് എന്നിവയാണ് ഡിസൈനിലെ മറ്റ് പ്രധാന മാറ്റങ്ങൾ. മാറ്റ് മാഗ്നറ്റിക് സിൽവർ, കാൻഡി ബ്ലേസിംഗ് റെഡ്, മെറ്റാലിക് നെക്സസ് ബ്ലൂ, ബ്ലാക്ക് ടീൽ ബ്ലൂ, ബ്ലാക്ക് പേൾ റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭ്യമാവുക.
ഹീറോ എക്സ്ട്രീം 125 ആർ-ൽ ഉപയോഗിച്ചിരിക്കുന്ന 124.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗ്ലാമർ എക്സ് 125 -ലും പ്രവർത്തിക്കുന്നത്. ഫൈവ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 8,250 ആർപിഎം-ൽ 11.4 ബിഎച്ച്‌പി കരുത്തും 6,500 ആർപിഎം-ൽ 10.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
ഫീച്ചേഴ്സിൻ്റെ കാര്യമെടുത്താൽ, പുതിയ നിറങ്ങളിലുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഗ്ലാമർ എക്‌സിലുള്ളത്. ഇതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിസ്റ്റൻസ്-ടു-എംപ്റ്റി ഡിസ്‌പ്ലേ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ ഉൾപ്പെടുന്നു.
എന്നാൽ, ക്രൂയിസ് കൺട്രോളറുണ്ടെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. കാറുകളിലോ പ്രീമിയം മോട്ടോർസൈക്കിളുകളിലോ സാധാരണയായി കാണാൻ കഴിയുന്ന സെഗ്‌മെന്റാണിത്. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇക്കോ, റോഡ്, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ, പിന്നിലെ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഹാർഡ് ബ്രേക്കിംഗിൽ ടെയിൽ-ലാമ്പ് മിന്നുന്ന പാനിക് ബ്രേക്ക് അലേർട്ട് സിസ്റ്റം, കുറഞ്ഞ ബാറ്ററി കിക്ക്-സ്റ്റാർട്ട് ശേഷി എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.