Image: X
AUTO

അല്‍പം കൂടി വിശാലമായ 'H'; പുതിയ ലോഗോ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ അടുത്ത തലമുറ വാഹനങ്ങളുടെ മുഖമുദ്രയായിരിക്കും പുതിയ ലോഗോ

Author : ന്യൂസ് ഡെസ്ക്

ഹോണ്ടയുടെ എംബ്ലത്തിന് പുത്തന്‍ രൂപം. 'H' എന്ന രൂപം പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ലളിതവും ആധുനികവുമായ രീതിയിലാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2027 ല്‍ വിപണിയിലെത്താനിരിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളില്‍ പുതിയ ലോഗോ ആയിരിക്കും ഉണ്ടാകുക. ഹോണ്ടയുടെ അടുത്ത തലമുറ വാഹനങ്ങളുടെ മുഖമുദ്രയായിരിക്കും പുതിയ ലോഗോ.

ഹോണ്ടയുടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ലോഗോയില്‍ മാറ്റങ്ങളുണ്ടാകുന്നത്. ഹോണ്ട 0 സീരീസ് ഇലക്ട്രിക് വാഹന നിരയിലായിരിക്കും പുതിയ ലോഗോ ആദ്യം കാണുക.

വിടര്‍ത്തിപ്പിടിച്ച കൈകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ തുറന്ന സമീപനത്തേയാണ് ഇത് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്ന വാഗ്ദാനവും യാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ഉറപ്പുമാണ് ഇതിലൂടെ കമ്പനി വ്യക്തമാക്കുന്നത്.

വാഹനങ്ങളില്‍ മാത്രമല്ല, ഷോറൂമുകളിലെ സൈന്‍ ബോര്‍ഡുകള്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ തുടങ്ങി ഹോണ്ടയുടെ എല്ലാ മേഖലകളിലും ഈ പുതിയ ലോഗോ ആയിരിക്കും ഉണ്ടാകുക.

കമ്പനിയുടെ രണ്ടാം പിറവിയെന്നാണ് ലോഗോ മാറ്റത്തെ ഹോണ്ട വിശേഷിപ്പിക്കുന്നത്.

SCROLL FOR NEXT