രണ്ടാമത്തെ ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശർമ. തന്റെ ആദ്യ ഉറൂസ് ഡ്രീം11 ഫാന്റസി മത്സരത്തിലെ വിജയിക്ക് സമ്മാനിച്ചതിന് പിന്നാലെയാണ് താരം പുതിയതൊന്ന് വാങ്ങിയത്.
മുംബൈയിലെ ലംബോര്‍ഗിനി ഡിലർമാർ രോഹിത്തിന്റെ അഹൂജ ടവേഴ്സിലുള്ള വീട്ടിലേക്ക് ഉറൂസ് ഡെലിവർ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പഴയ ഉറൂസ് അപ്ഗ്രേഡ് ചെയ്യാന്‍ നേരത്തെ തന്നെ രോഹിത് പദ്ധതിയിട്ടിരുന്നെന്നും അതുകൊണ്ടാണ് ഡ്രീം 11 മത്സര വിജയിക്ക് പഴയ മോഡല്‍ സമ്മാനിച്ചതെന്നും വരെ എത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. 'സിഎസ്12 വ്ളോഗ്സ്' എന്ന യൂട്യൂബ് ചാനലിലാണ് രോഹിത് ശര്‍മ്മയുടെ വീട്ടിലേക്ക് പുതിയ ലംബോര്‍ഗിനി ഉറൂസ് എസ്‌ഇ എത്തിക്കുന്നതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
പഴയ നീലനിറത്തിലുള്ള വണ്ടിക്കു പകരം ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയുടെ 'അരാന്‍സിയോ ആര്‍ഗോസ്' ഓറഞ്ച് ഷെയ്ഡ് ആണ് രോഹിത് തിരഞ്ഞെടുത്തിരിക്കുന്നത്. ലംബോർഗിനി അടുത്തിടെയാണ് ഉറൂസ് എസ്‌ഇ പുറത്തിറക്കിയത്. ഹൈ-പെര്‍ഫോമന്‍സ് എസ്‌യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പിന്റെ എക്‌സ്-ഷോറൂം വില 4.57 കോടി രൂപയാണ്. ഈ കാർ മുംബൈയില്‍ നിരത്തിലിറക്കാന്‍ ഏകദേശം 5.39 കോടി രൂപ മുടക്കേണ്ടിവരും.
മുന്‍ഗാമിയേക്കാള്‍ കേമനാണ് പുതിയ ഉറൂസ് എസ്‌ഇ. തിളക്കമേറിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പരിഷ്കരിച്ച മുന്‍വശം എന്നിവയാണ് പുതിയ ഉറൂസില്‍ കാണാന്‍ സാധിക്കുക. പുതിയ റിയർ ബമ്പർ ഉണ്ടെന്നത് ഒഴിച്ചാല്‍ പിന്‍ഭാഗത്തിന് വലിയ മാറ്റങ്ങളില്ല. അകത്ത്, കറുപ്പും ഓറഞ്ചും ചേര്‍ന്ന ലെതര്‍ ഇന്റീരിയറും സില്‍വര്‍ നിറത്തിലുള്ള ഘടകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനും 800 സിവി ഹൈബ്രിഡ് സിസ്റ്റവും ചേര്‍ന്ന ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഉറൂസ് എസ്‌ഇയുടെ പ്രധാന സവിശേഷത.
ഉറൂസിന്റെ ഇന്റേണല്‍ കമ്പസ്റ്റ്യണ്‍ എഞ്ചിന്‍ മാത്രം 632 പിഎസ് പവറും 800 എന്‍എം ടോർക്കുമാണുള്ളത്. വാഹനത്തിന്റെ ഇലക്ട്രിക് മോട്ടർ അധികമായി 192 പിഎസ് പവറും 483 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആകെ മൊത്തത്തില്‍ 800 പിഎസ് പവറും 950 എന്‍എം ടോര്‍ക്കും ആണ് ലംബോര്‍ഗിനി ഉറൂസ് എസ്‌ഇക്കുള്ളത്. അതുകൊണ്ട് തന്നെ 3.4 സെക്കന്‍ഡിനുള്ളില്‍ ഉറൂസിന് മണിക്കൂറില്‍ 100 കിലോമീറ്റർ വേഗതയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും പരമാവധി വേഗത മണിക്കൂറിൽ 312 കിലോമീറ്റർ ആണെന്നും ലംബോർഗിനി അവകാശപ്പെടുന്നു.