മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ 'ഫാൻ്റം ബ്ലാക്ക്' പതിപ്പ് അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ നെക്സയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പ് ഇറക്കിയത്. ഗ്രാന്‍ഡ് വിറ്റാരയുടെ ആല്‍ഫ പ്ലസ് സ്‌ട്രോംഗ് ഹൈബ്രിഡ് ട്രിമ്മില്‍ മാത്രമാണ് ഫാൻ്റം ബ്ലാക്ക് പതിപ്പ് ലഭ്യമാകുന്നത്. മറ്റു മാരുതി സുസുക്കി കാറുകളില്‍ കാണാത്ത മാറ്റ് ബ്ലാക്ക് പെയിൻ്റ് ഫിനിഷാണ് ഇതിൻ്റെ പ്രധാന ആകര്‍ഷണം.
32 മാസം കൊണ്ട് മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മറികടന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. ഈ വര്‍ഷം തന്നെ ഫൈവ് സീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാരുതി പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിക്കുന്നുണ്ട്. പുത്തന്‍ ലോഞ്ചുകള്‍ക്കിടയില്‍ ഉത്സവകാലത്ത് ഗ്രാന്‍ഡ് വിറ്റാരയെ ആകര്‍ഷകമാക്കി നിലനിര്‍ത്താനാണ് കമ്പനി ഫാൻ്റം ബ്ലാക്ക് എഡിഷന്‍ അവതരിപ്പിച്ചത്.
ഗ്രാന്‍ഡ് വിറ്റാര ഫാൻ്റം ബ്ലാക്ക് എഡിഷനില്‍ ക്രോമിന് പകരം കറുത്ത നിറത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. ബെല്‍റ്റ്‌ലൈനും മാരുതി സുസുക്കി ബാഡ്ജിംഗും ഒഴികെ ബ്ലാക്ക് ട്രിമ്മില്‍ മൊത്തത്തില്‍ കറുപ്പ് നിറം കൊണ്ടുള്ള ആറാട്ടാണ്. അകത്തളത്തിലേക്ക് കയറിയാല്‍ ഫാൻ്റം ബ്ലാക്ക് പതിപ്പ് ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയൻ്റുകളിലുള്ള ഇൻ്റീരിയര്‍ ഡിസൈന്‍ നിലനിര്‍ത്തുന്നു.
ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും ഷാംപെയ്ന്‍ ഗോള്‍ഡ് ട്രിം ടച്ചുകളും ഓള്‍ ബ്ലാക്ക് ഇൻ്റീരിയറിന് മനോഹാരിത നല്‍കുന്നു. ഫീച്ചര്‍ വശം നോക്കുമ്പോള്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള ഒൻപത് ഇഞ്ച് ഇന്‍ഫോടെയ്ൻമെൻ്റ് ടച്ച് സ്ക്രീന്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളുമുള്ള ക്ലാരോണ്‍ സൗണ്ട് സിസ്റ്റം എന്നിവ ഗ്രാന്‍ഡ് വിറ്റാര ഫാൻ്റം ബ്ലാക്ക് എഡിഷനില്‍ ഉണ്ട്.
ഫാൻ്റം ബ്ലാക്ക് പതിപ്പില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ ട്രെയിന്‍ നിലനിര്‍ത്തുന്നു. ഒരു ലിറ്ററിന് 27.97 കിലോമീറ്റര്‍ എന്ന ശ്രദ്ധേയമായ മൈലേജ് ഗ്രാന്‍ഡ് വിറ്റാര നല്‍കുന്നതായാണ് മാരുതി അവകാശപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഈ പ്രത്യേക പതിപ്പിന്റെ വില പ്രഖ്യാപിക്കും.