മനേസറിലെ മാരുതി നിർമാണ യൂണിറ്റ് Source: Reuters
AUTO

ലക്ഷ്യം 10 ലക്ഷം വാഹനങ്ങള്‍; ഗുജറാത്തില്‍ 1700 ഏക്കറില്‍ 35,000 കോടി നിക്ഷേപത്തില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുങ്ങുന്നു

കാര്‍ നിര്‍മാണം കാലാനുസൃതമായി വര്‍ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിലെ ഖൊരാജില്‍ പുതിയ നിര്‍മാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ. യൂണിറ്റില്‍ നിന്ന് പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുക, 12,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 35,000 കോടി നിക്ഷേപത്തിലാണ് മാരുതി സുസുക്കി പുതിയ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും മാരുതി സുസുക്കി എംഡി ഹിസാഷി താകേവുച്ചിയുടെയും സാന്നിധ്യത്തില്‍ ഗാന്ധിനഗറില്‍ വച്ച് ഇന്‍വെസ്റ്റ്‌മെന്റ് ഹാന്‍ഡ് ഓവര്‍ ചടങ്ങ് അടുത്തിടെ നടന്നിരുന്നു. ചടങ്ങില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാങ്‌വിയും മാരുതി സുസുക്കിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സുനില്‍ കക്കറും സന്നിഹിതനായിരുന്നു.

ഗുജറാത്ത് വ്യവസായ വികസന കോര്‍പ്പറേഷന്‍ (ജിഐഡിസി) അനുവദിച്ച 1750 ഏക്കര്‍ ഭൂമിയിലായിരിക്കും പുതിയ പ്ലാന്റ് സ്ഥാപിക്കുക. 1983ല്‍ ഹരിയാനയിലെ ഗുരുഗ്രാമിലാണ് മാരുതി സുസുക്കി ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നാലെ സംസ്ഥാനത്തെ മനേസറിലേക്കും ഖര്‍ഖോഡയിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

മാരുതിക്ക് നിലവില്‍ 17ഓളം മോഡല്‍ കാറുകളും 650 ഓളം വേരിയന്റുകളും നിലിവിലുണ്ട്. ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്‍ നിര്‍മാണം കാലാനുസൃതമായി വര്‍ധിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാരുതി ഏറ്റവും ഉയര്‍ന്ന നിര്‍മാണം നടത്തിയ വര്‍ഷമായിരുന്നു 2025. 22.55 ലക്ഷം വാഹനങ്ങളാണ് നിര്‍മിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മാരുതി 20 ലക്ഷത്തിനുമേല്‍ വാഹന നിര്‍മാണം വര്‍ധിപ്പിച്ചത്. ഇത്തവണ അത് 40 ലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് മുന്നില്‍ കണ്ടാണ് ഗുജറാത്തില്‍ പുതിയ നിര്‍മാണ കമ്പനി ആരംഭിക്കാനൊരുങ്ങുന്നത്.

ഫ്രോണ്‍സ്, ബലേനോ, സ്വിഫ്റ്റ്, ഡിസൈര്‍, എര്‍ട്ടിഗ എന്നിവയാണ് മാരുതി സുസുക്കിയുടെ ടോപ് മോഡലുകള്‍. ഈ മോഡലുകള്‍ക്ക് ഇന്ത്യയിലുടനീളം ഡിമാന്‍ഡും കൂടുതലാണ്.

SCROLL FOR NEXT