മെഴ്‌സിഡസ് ബെന്‍സ് എഎംജി ജിടി 63 Source: mercedes-benz.co.in
AUTO

ബെന്‍സിന്റെ മാസ് എന്‍ട്രി; മൂന്ന് മാസത്തിനിടെ വിറ്റത് 4,238 കാറുകള്‍! 10 ശതമാനം വളര്‍ച്ച

ടോപ് എന്‍ഡ് ആഡംബര വിഭാഗത്തിലെ കാറുകളുടെ വില്‍പ്പന വര്‍ധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ വാഹന വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുമ്പോഴും, വില്‍പ്പനയില്‍ ചരിത്രനേട്ടം കുറിച്ച് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4238 കാറുകളാണ് ബെന്‍സ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് ശതമാനം വളര്‍ച്ചയാണ് കമ്പനി ഇക്കുറി നേടിയത്. വിലക്കയറ്റം, വിദേശനാണ്യ പ്രതിസന്ധികള്‍ ഉള്‍പ്പെടെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വെല്ലുവിളികളെല്ലാം മറികടന്നാണ് ബെന്‍സിന്റെ നേട്ടം. ടോപ് എന്‍ഡ് ആഡംബര വിഭാഗത്തിലെ കാറുകളുടെ വില്‍പ്പന വര്‍ധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

എക്കാലത്തെയും മികച്ച പ്രകടനവുമായി, പത്ത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടാണ് ഈ സാമ്പത്തിക വര്‍ഷത്തിന് തുടക്കമിട്ടതെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. ബെന്‍സിന്റെ ടോപ് എന്‍ഡ് ആഡംബര കാറുകളോടും ബോണ്‍ ഇലക്ട്രിക് വാഹനങ്ങളോടും (ബിഇവി) ആളുകള്‍ക്ക് ഇഷ്ടം കൂടിയതാണ് വില്‍പ്പനയില്‍ പ്രതിഫലിച്ചത്. ടോപ് എന്‍ഡ് ശ്രേണിയില്‍ വരുന്ന 16,000ലേറെ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലുണ്ട്. ബിഇവി വിഭാഗത്തില്‍ ആദ്യ പാദത്തില്‍ 157 ശതമാനം വളര്‍ച്ച നേടി. ബെന്‍സിന്റെ ആകെ വില്‍പ്പനയുടെ എട്ട് ശതമാനം വരുമിത്.

മെഴ്‌സിഡസ് എസ് ക്ലാസ്, മേബാ നൈറ്റ് സീരീസ്, ജി 580 ഇക്യു സാങ്കേതിക വിദ്യയുള്ള ജി 580, ഇക്യൂഎസ് എസ്‌യുവി, ഐതിഹാസിക മോഡലായ എഎംജി ജി 63 തുടങ്ങിയവയ്ക്ക് വലിയ ആവശ്യക്കാരാണുള്ളതെന്ന് കമ്പനി പറയുന്നു. ഹൈ എന്‍ഡ് ആഡംബര വിഭാഗത്തിലെ വില്‍പ്പന 20 ശതമാനം ഉയര്‍ന്നു. അടുത്തിടെ അവതരിപ്പിച്ച എഎംജി ജിടി 63 പ്രോയുടെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ കാറുകളും വിറ്റു തീര്‍ന്നു. സി ക്ലാസ്, ഇ ക്ലാസ് എല്‍ഡബ്ല്യൂബി സെഡാനുകള്‍, ജിഎല്‍സി, ജിഎല്‍ഇ എസ്‌യുവി തുടങ്ങിയവ അടങ്ങുന്ന കോര്‍ വിഭാഗത്തിനും ശക്തമായ പ്രതികരണമാണ് ലഭിക്കുന്നത്. വര്‍ധിക്കുന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി എന്‍ട്രി വിഭാഗം ആഡംബര കാറുകളിലും മികച്ച ഓപ്ഷനുകള്‍ ഒരുക്കുന്നുണ്ടെന്നും ബെന്‍സ് അറിയിച്ചു.

SCROLL FOR NEXT