AUTO

ജിക്‌സര്‍ 250 സിസി ബൈക്കിന് ബ്രേക്കിങ് പ്രശ്‌നം! വേഗം സര്‍വീസ് സെന്ററിലേക്ക് വിട്ടോ; സൗജന്യമായി പ്രശ്‌നം പരിഹരിക്കുമെന്ന് സുസുകി

2022 ഫെബ്രുവരിയ്ക്കും 2026 ജൂണിനുമിടയില്‍ നിര്‍മിച്ച ജിക്‌സര്‍ 250 സിസിയില്‍ വരുന്ന 5145 യൂണിറ്റ് ബൈക്കുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കമ്പനി പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണയില്‍ വലിയ ഓളമുണ്ടാക്കിയ ബൈക്കാണ് സുസുകിയുടെ ജിക്‌സര്‍. ഇപ്പോഴിതാ ജിക്‌സറിന്റെ രണ്ട് 250 സിസി ബൈക്കുകള്‍ തിരിച്ച് വിളിച്ചിരിക്കുകയാണ് സുസുകി. ജിക്‌സര്‍ 250യും ജിക്‌സര്‍ എസ്എഫ് 250യുമാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. റിയര്‍ ബ്രേക്കുമായി ബന്ധപ്പെട്ട് വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് രണ്ട് മോഡല്‍ ബൈക്കുകളും കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്.

2022 ഫെബ്രുവരിയ്ക്കും 2026 ജൂണിനുമിടയില്‍ നിര്‍മിച്ച ജിക്‌സര്‍ 250 സിസിയില്‍ വരുന്ന 5145 യൂണിറ്റ് ബൈക്കുകള്‍ക്കും റിയര്‍ ബ്രേക്കുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കമ്പനി പുറത്തുവിട്ട നോട്ടീസില്‍ വ്യക്തമാക്കുന്നത്.

ബൈക്കുമായി വരുന്നവര്‍ക്ക് ഒരു തുകയും ഈടാക്കാതെ തന്നെ കമ്പനി പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ബ്രേക്ക് പാഡുകളും ബ്രേക്ക് ഡിസ്‌കും തമ്മിലുള്ള സമ്പര്‍ക്കത്തിലെ പ്രശ്‌നമാണ് ബൈക്കിനെ ബാധിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാതെ ഉപയോഗിച്ചാല്‍ അത് ബ്രേക്കിങ് പാഡുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നതിന് കാരണമാകുമെന്നും അത് ബൈക്കിന്റെ പെര്‍ഫോര്‍മന്‍സിനെ ബാധിച്ചേക്കുമെന്നുമാണ് ജപ്പാന്‍ വാഹന നിര്‍മാതാക്കളായ സുസുക്കി അറിയിക്കുന്നത്.

അതുകൊണ്ട് തന്നെ ഉപഭോക്താക്കളോട് എത്രയും പെട്ടെന്ന് തന്നെ വാഹനം അടുത്തുള്ള സര്‍വീസ് സെന്ററില്‍ കൊണ്ടു വരാനാണ് സുസുകി ആവശ്യപ്പെടുന്നത്.

SCROLL FOR NEXT