പുതിയതായി രംഗത്തിറക്കിയ ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് ടെസ്‌ല. സ്വന്തമായി ആവശ്യക്കാരുടെ അടുത്തേക്ക് ഓടിച്ച് പോയി അവരെ പിക്ക് ചെയ്യുന്ന റോബോ ടാക്സികളുടെ വീഡിയോ ദൃശ്യങ്ങളാണ് ടെസ്‌ല പങ്കുവെച്ചത്. ഓസ്റ്റിനിലെ കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് യാത്ര ആരംഭിച്ച് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല മോഡൽ വൈ 30 മിനുട്ട് യാത്ര ചെയ്ത് കസ്റ്റമറുടെ വീട്ടിലേക്കെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഹൈവേകൾ, ജംഗ്ഷനുകൾ, ട്രാഫിക് സിഗ്നലുകൾ, നഗരവീഥികൾ എന്നിവയിലൂടെ സ്വന്തമായി നാവിഗേറ്റ് ചെയ്ത് വാഹനം യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം.
ഈ നാഴികക്കല്ല് ടെസ്‌ല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ടെസ്‌ല ആദ്യം മൂന്ന് മിനിറ്റ് ടൈം-ലാപ്സ് ടീസറും പിന്നീട് 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പൂർണ വീഡിയോയും പുറത്തിറക്കി. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ മോഡൽ വൈ കാർ ഗിഗാഫാക്ടറി ഗാരേജിൽ നിന്ന് പുറപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. പിൻസീറ്റിൽ നിന്ന് പകർത്തിയ വീഡിയോയിൽ, വാഹനം റോഡുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതും, വളവുകൾക്കും സ്റ്റോപ്പുകൾക്കും അനുസരിച്ച് യാത്ര ചെയ്യുന്നതും, സിഗ്നലുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതും, മനുഷ്യ ഇടപെടലില്ലാതെ ഗതാഗത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതും കാണാം. യാത്രയുടെ അവസാനം മോഡൽ വൈ കാർ ഉടമയുടെ കെട്ടിടത്തിനടിയിൽ പാർക്ക് ചെയ്യുന്നുമുണ്ട്.
ഈ വീഡിയോ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ചു. ടെസ്‌ല എഐ, ഓട്ടോപൈലറ്റ് മേധാവി അശോക് എല്ലുസ്വാമി, ആ യാത്രക്കിടെ വാഹനം മണിക്കൂറിൽ 115 കി.മീ സ്പീഡിൽ വരെ യാത്ര ചെയ്തെന്ന് സ്ഥിരീകരിച്ചു.
ജൂൺ 22നാണ് ടെസ്‌ല യുഎസിലെ ഓസ്റ്റിനിൽ റോബോടാക്സി സർവീസുകളുടെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ചത്. ഇൻഫ്ലുവൻസർമാരും നിക്ഷേപകരും അടക്കമുള്ളവർ സെൽഫ് ഡ്രൈവിംഗ് മോഡൽ വൈ കാറുകളിൽ യാത്ര ചെയ്തിരുന്നു. ഈ മാസം ആദ്യം റോബോടാക്സി ലോഞ്ചിനെക്കുറിച്ചും സെൽഫ് ഡ്രൈവിംഗ് ഡെലിവറിയെക്കുറിച്ചും മസ്‌ക് എക്സിൽ സൂചന നൽകിയിരുന്നു. ഭാവിയിൽ ദശലക്ഷക്കണക്കിന് റോബോടാക്‌സികൾ നിരത്തിലിറക്കാനാണ് ടെസ്‌ല പദ്ധതിയിടുന്നതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.