AI gENERATED IMAGE  
AUTO

1.17 കോടി രൂപ നല്‍കിയില്ല; HR88B8888 നമ്പര്‍ പ്ലേറ്റിനായി വീണ്ടും ലേലം

1.17 കോടി രൂപ ലേലം വിളിച്ച് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ ആള്‍ക്ക് ആ തുക കെട്ടിവെക്കാന്‍ സാധിച്ചില്ലത്രേ

Author : ന്യൂസ് ഡെസ്ക്

ചണ്ഡീഗഢ്: കഴിഞ്ഞയാഴ്ചയാണ് ഹരിയാനയില്‍ 1.17 കോടി രൂപയ്ക്ക് ഒരു നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത്. HR88B8888 എന്ന നമ്പര്‍ പ്ലേറ്റാണ് വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കിയത്. ലേല വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറിയൊരു മാറ്റമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റൊന്നുമല്ല, ലേലം ഒന്നുകൂടി നടത്തേണ്ടി വരും...

1.17 കോടി രൂപ ലേലം വിളിച്ച് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ ആള്‍ക്ക് ആ തുക കെട്ടിവെക്കാന്‍ സാധിച്ചില്ലത്രേ. ഇതോടെയാണ് ലേലം വീണ്ടും നടത്താന്‍ തീരുമാനിച്ചത്. റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സുധീര്‍ കുമാര്‍ ആയിരുന്നു 1.17 കോടിക്ക് നമ്പര്‍ ലേലത്തില്‍ വിളിച്ചത്.

പണം അടക്കാനുള്ള അവസാന തീയതി ഡിസംബര്‍ 1 ആയിരുന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ തുക നല്‍കാന്‍ അദ്ദേഹത്തിനായില്ല. ശനിയാഴ്ച രാത്രി പണം കെട്ടിവെക്കാന്‍ ഓണ്‍ലൈനില്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സാധിച്ചില്ലെന്നാണ് സുധീര്‍ കുമാര്‍ പറയുന്നത്. മാത്രമല്ല, ഇത്ര വലിയ തുകയ്ക്ക് ഒരു നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു നമ്പര്‍ പ്ലേറ്റിന് ഇത്ര വലിയ തുക ചെലവാക്കുന്നത് മണ്ടത്തരമാണെന്നാണ് കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശം. എന്നാല്‍, തനിക്ക് പണം ചെലവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും തുക കെട്ടിവെക്കാത്തതോടെ ലേലം വീണ്ടും നടത്താനാണ് അധികൃതരുടെ തീരുമാനം എന്നാണ് അറിയുന്നത്.

എല്ലാ ആഴ്ചയും ഹരിയാനയില്‍ വിഐപി, ഫാന്‍സി നമ്പരിനായുള്ള ഓണ്‍ലൈന്‍ ലേലം നടക്കാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 9 വരെയാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടമുള്ള നമ്പറിന് അപേക്ഷിക്കാം. ബുധനാഴ്ച രാവിലെ 9 മണിവരെ ലേലത്തില്‍ പങ്കെടുക്കാം. fancy.parivahan.gov.in വെബ്‌സൈറ്റിലൂടെയാണ് ലേലം നടക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് 'HR88B8888' നമ്പരിനു വേണ്ടി ശക്തമായ ലേലം വിളി ഉണ്ടായത്. 45 പേരാണ് ഈ നമ്പരിനു വേണ്ടി അപേക്ഷിച്ചത്. 50,000 രൂപയ്ക്ക് ആരംഭിച്ച ലേലം വിളി 1.17 കോടി രൂപയിലാണ് അവസാനിച്ചത്.

SCROLL FOR NEXT