ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവിയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2026 മാർച്ചിലാണ് ടെയ്‌റോൺ ലോഞ്ച് പ്രതീക്ഷിക്കുന്നത്. നിലവിലെ പ്രകടനം വച്ച് ഫോക്‌സ്‌വാഗന്റെ ടിഗുവാൻ ആർ ലൈനിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. കമ്പനി അടുത്തിടെ നിർത്തലാക്കിയ ഫോക്സ് വാഗൻ ടിഗ്വാൻ ഓൾസ്‌പേസിന് പകരമായി പുതിയ ടെയ്‌റോണിനെ കണക്കാക്കാം.
എൽഇഡി ഹെഡ്‌ലാമ്പുകളും മുൻവശത്ത് പ്രകാശിതമായ ഫോക്‌സ്‌വാഗൺ ലോഗോയും പുത്തൻ മോഡലിൽ ഉണ്ട്. 19 ഇഞ്ച് അലോയ് വീലുകളും എൽഇഡി ടെയിൽലാമ്പുകളും പിന്നിൽ സ്‌പോർട്ടി ബമ്പറും എസ്‌യുവിയിൽ ഉണ്ടാകും. ഒന്നിലധികം പവർട്രെയിനുകളെയും നൂതന സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കുന്ന പുത്തൻ ടെയ്റോൺ ടിഗ്വാൻ ആർ-ലൈനിന് സമാനമായി, ഈ പുതിയ 7-സീറ്റർ എംക്യുബി ഇവിഒ പ്ലാറ്റ്‌ഫോമിന് അടിവരയിടും.
പുതിയ VW ടെയ്‌റോണിൽ 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 30 കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, മസാജ് ഫംഗ്‌ഷനോടുകൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, മൾട്ടി സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഒന്നിലധികം എയർബാഗുകൾ തുടങ്ങി നിരവധി നൂതന സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
പുത്തൻ ടെയ്റോണിന്റെ ഔദ്യോഗിക എഞ്ചിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയിലെത്തുന്ന ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈനിൽ ടിഗുവാൻ ആർ-ലൈനിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ ടർബോ ചാർജ്‍ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 7-സ്‍പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ മോട്ടോർ പരമാവധി 201 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എസ്‌യുവിക്ക് സ്റ്റാൻഡേർഡായി ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കും.
45 മുതൽ 50 ലക്ഷം രൂപവരെയാണ് ടെയ്‌റോൺ ആർ-ലൈൻ 7-സീറ്റർ എസ്‌യുവിയുടെ ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. ലോഞ്ചിംഗിനു ശേഷം ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ എന്നിവയ്‌ക്കെതിരെയാകും ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി വിപണിയിൽ മത്സരിക്കുക.