AUTO

ഇനി ആകാശത്തെ 'കാർ റേസ്'; ടെസ്‌ലയ്ക്കും മുൻപേ പറക്കും കാറുകളുടെ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ച് ചൈനീസ് കമ്പനി, വില അറിയാം

ഒരു കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിക്കാവുന്ന പറക്കും കാറാണ് ഇതിൻ്റെ പ്രധാന സവിശേഷത.

Author : ന്യൂസ് ഡെസ്ക്

ബീജിംഗ്: യുഎസ് കമ്പനിയായ ടെസ്‌ലയ്ക്കും മുൻപേ.. ഗതാഗത മേഖലയിലെ അടുത്ത തലമുറ വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പറക്കും കാറുകളുടെ പരീക്ഷണ ഉൽപ്പാദനം ഈ ആഴ്ച തന്നെ ആരംഭിച്ച് ഒരു ചൈനീസ് കമ്പനി. ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ എക്സ്പെങ്ങിൻ്റെ പറക്കും കാറാണ് വാഹന ലോകത്തെ ഞെട്ടിച്ചത്. ഒരു കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിക്കാവുന്ന പറക്കും കാറാണ് ഇതിൻ്റെ പ്രധാന സവിശേഷത.

'എക്സ്പെങ് എയ്റോഹ്റ്റ്' എന്ന ചൈനീസ് കമ്പനിയാണ് വൻതോതിൽ 'ലാൻഡ് എയർക്രാഫ്റ്റ് കാരിയർ' എന്ന പേരിലുള്ള പറക്കും കാറുകളുടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യമായി വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഫ്ലൈയിങ് കാറാണിത്. അടുത്ത തലമുറയിലേക്കുള്ള ഗതാഗത മാർഗങ്ങളുടെ വാണിജ്യ ഉൽപ്പാദനത്തിലെ നിർണായക ചുവടുവയ്പ്പായി ഇത് മാറി. പറക്കും കാറിൻ്റെ ഉൽപ്പാദനം ചൈനയിലെ ഇൻ്റലിജൻ്റ് ഫാക്ടറിയിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.

ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്‌ഷൂവിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഏകദേശം 1,20,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് ഈ പടുകൂറ്റൻ ഫാക്ടറി. 'ലാൻഡ് എയർക്രാഫ്റ്റ് കാരിയർ' എന്നറിയപ്പെടുന്ന അതിൻ്റെ മോഡുലാർ ഫ്ലൈയിംഗ് കാറിൻ്റെ ആദ്യത്തെ വേർപെടുത്താവുന്ന ഇലക്ട്രിക് വിമാനം ഇതിനോടകം നിർമിച്ചു കഴിഞ്ഞു.

പ്രതിവർഷം 10,000 ഫ്ലൈയിംഗ് എയർക്രാഫ്റ്റ് മൊഡ്യൂളുകൾ നിർമിക്കുന്നതിനാണ് പ്ലാൻ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കമെന്ന രീതിയിൽ 5000 യൂണിറ്റുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്ലൈയിങ് കാറുകൾ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയാണിത്. ഫാക്ടറി പൂർണമായും പ്രവർത്തനക്ഷമം ആകുമ്പോൾ ഓരോ 30 മിനിറ്റിലും ഒരു ഫ്ലൈയിംഗ് വിമാനം നിർമിക്കപ്പെടും. ഇന്ത്യൻ കറൻസിയിൽ കണക്കാക്കുമ്പോൾ ഏകദേശം രണ്ട് മുതൽ 2.36 കോടി രൂപ വരെ വിലയുണ്ട് ഈ കാറുകൾക്ക്.

ഇതുവരെ 5000 ഓർഡറുകൾ ലഭിച്ചതായി കമ്പനിയായ എക്സ്പെങ് അറിയിച്ചു. 2026ൽ പറക്കും കാറുകളുടെ വൻതോതിലുള്ള ഉൽ‌പ്പാദനവും വിതരണം കമ്പനി ആരംഭിക്കും. എലോൺ മസ്‌കിൻ്റെ ടെസ്‌ല, അമേരിക്കൻ കമ്പനി അലഫ് എയറോനോട്ടിക്സ് എന്നിവരും പറക്കും കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

SCROLL FOR NEXT