സംസ്ഥാനത്തെ പുതിയ വാഹനങ്ങളുടെ റീറ്റെയ്ൽ വിൽപനയിൽ ഓഗസ്റ്റ് മാസം ഉണ്ടായത് വൻ ഇടിവ്. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ കാർ വിൽപനയിലും ഗണ്യമായ കുറവുണ്ടായി. യുവ ഉപയോക്താക്കളുടെ ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യവും വിൽപനയെ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2023 ഓഗസ്റ്റിൽ 49,806 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. എന്നാൽ 2024 ആയപ്പോഴേക്കും ഇത് 44,281 ആയി കുറഞ്ഞു. കാർ വിൽപന 19,054 എണ്ണത്തിൽ നിന്ന് താഴ്ന്ന് 13,407 ആയി. മുച്ചക്ര വാഹന വിൽപന 2,940 ൽ നിന്ന് 2,369 എണ്ണമായും കുറഞ്ഞെന്നാണ് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഓരോ ആർടിഒകളിലെയും രജിസ്ട്രേഷൻ വിവരങ്ങൾ പോർട്ടിലിലൂടെ ലഭ്യമാകും. ഇക്കഴിഞ്ഞ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോഴും കാർ വിൽപനയിൽ ഗണ്യമായ കുറവുണ്ട്. ജൂലൈയിൽ മാത്രം പുതുതായി കാർ വാങ്ങിയത് 16,493 പേരാണ്. അതേസമയം ജൂലൈയെ അപേക്ഷിച്ച് കഴിഞ്ഞമാസം ടൂവീലർ, മുച്ചക്ര വാഹന വിൽപന മെച്ചപ്പെട്ടന്നാണ് കണക്ക്. 40,009 ടൂവീലറുകളും 2,271 മുച്ചക്ര വാഹനങ്ങളുമായിരുന്നു ജൂലൈയിലെ വിൽപന.
ജനങ്ങളുടെ വാങ്ങൽ ശേഷിയിലുണ്ടായ കുറവാണ് വിപണിയിലെ പുത്തൻ മാറ്റത്തിന് പിന്നിൽ. പൊതുജനങ്ങളുടെ സമ്പാദ്യം മെച്ചപ്പെടുത്തുന്നവിധം സർക്കാരിൽ നിന്ന് കാര്യമായ പ്രഖ്യാപനങ്ങളോ പദ്ധതികളോ ഇല്ലാത്തത് പണ ക്രയവിക്രയത്തെ ബാധിച്ചിട്ടുണ്ട്. അടുത്തിടെ പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുകയും ഫീച്ചറുകൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ യുവ ഉപയോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളോടായി പ്രിയം.
ഓഗസ്റ്റിലെ മാത്രം 2,728 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. സ്ട്രോങ് ഹൈബ്രിഡ് ഇനത്തിൽ 2023 ഓഗസ്റ്റിൽ സംസ്ഥാനത്ത് വിറ്റുപോയത് വെറും ഒരു വണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞമാസം അത് 290 എണ്ണമാണ്. പെട്രോൾ ഇന്ധനമായുള്ള വാഹന വിൽപനയിലും കുറവ് വന്നിട്ടുണ്ട്. യൂസ്‌ഡ് കാർ വിപണിയുടെ വ്യാപനം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ കാറുകൾക്കുള്ള കേരളത്തിലെ നികുതി, ഓണക്കാല ഓഫറിനായുള്ള കാത്തിരിപ്പ് എന്നിവയും കഴിഞ്ഞമാസത്തെ വിൽപനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
ഓണക്കാല ഓഫറുകൾ വിപണിയിലേക്കെത്തുന്നതോടെ ഉപയോക്താക്കൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനികളും ഡീലർമാരും. പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം യമഹ, ഏഥർ, ടൊയോട്ട എന്നിവയാണ് കഴിഞ്ഞമാസം നേട്ടമുണ്ടാക്കിയ കമ്പനികൾ. ഇലക്ട്രിക് ടൂവീലർ ശ്രേണിയിലുള്ള ഏഥറിനും മികച്ച നേട്ടം കൈവരിക്കാനായി. എന്നാൽ മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, എംജി മോട്ടേഴ്സ്, കിയ, സ്കോഡ-ഫോക്സ്‍വാഗൻ, ബജാജ് ഓട്ടോ, ഹോണ്ട ടൂവീലർ, ടിവിഎസ്, റോയൽ എൻഫീൽഡ്, ഓല ഇലക്ട്രിക് എന്നീ കമ്പനികൾ വിൽപന നഷ്ടം നേരിട്ടതായാണ് കണക്കുകൾ. വിൽപനയിൽ കാര്യമായ നേട്ടമുണ്ടായിലെങ്കിലും കാർ വിപണിയിൽ മാരുതി സുസുക്കിയും ടൂവീലർ വിപണിയിൽ ഹോണ്ടയും ഒന്നാംസ്ഥാനം നിലനിർത്തിയിട്ടുണ്ട്.