BUSINESS

ഒന്‍പത് വര്‍ഷമായി സോണിക്കെതിരെ നിയമ പോരാട്ടം; 50000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി

കേസില്‍ സോണി കമ്യൂണിക്കേഷനും സോണിയുടെ രണ്ട് പ്രദേശിക ഔട്ട്‌ലറ്റുകളും 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

Author : ന്യൂസ് ഡെസ്ക്

ഒന്‍പത് വര്‍ഷത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സോണി മൊബൈല്‍ കമ്പനിക്കെതിരെ വിജയം നേടി അസം സ്വദേശിയായ നീന ബായ്‌റംഗി. സോണി കമ്പനി യുവതിക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണി സര്‍വീസ് സെന്ററിനെ സമീപിച്ചിട്ടും അത് ശരിയായി കിട്ടാത്തതിന് പിന്നാലെയാണ് അസം യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കേസില്‍ സോണി കമ്യൂണിക്കേഷനും സോണിയുടെ രണ്ട് പ്രദേശിക ഔട്ട്‌ലറ്റുകളും 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

സോണി മൊബൈല്‍, ക്രിസ്ത്യന്‍ ബസ്തിയിലെ സോണിയുടെ സെന്റര്‍, രാജ്ഗഡ് മെയിന്‍ റോഡിലുള്ള സോണിയുടെ സര്‍വീസ് സെന്റര്‍ എന്നിവയ്ക്കാണ് 40,000 രൂപയും, കേസ് നല്‍കിയപ്പോള്‍ മുതല്‍ സ്ത്രീ നേരിട്ട ശാരീരിക ഉപദ്രവവും മാനസിക ബുദ്ധിമുട്ടും കണക്കിലെടുത്ത് പത്ത് ശതമാനം പലിശയും ചേര്‍ത്ത് പണം നല്‍കാന്‍ ഉത്തരവിട്ടത്. കൂടാതെ യുവതിക്ക് നിയമാവശ്യങ്ങള്‍ക്കായി ചെലവായതിന് 10000 രൂപയും കൂടി നൽകാനും ഉത്തരവിൽ പറയുന്നു. 45 ദിവസത്തിനകം അടച്ചില്ലെങ്കില്‍ പണം അടയ്ക്കുന്നതുവരെ 12 ശതമാനം വെച്ച് പലിശ വര്‍ധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

2015 ഓഗസ്റ്റ് 10നാണ് 52,990 രൂപയ്ക്ക് ബായ്‌റംഗി സോണിയുടെ ഹാന്‍ഡ്‌സെന്റ് വാങ്ങിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു അപകടത്തിന് പിന്നാലെ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി. തുടര്‍ന്ന് ബായ്‌റംഗി ഫോണ്‍ സോണിയുടെ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയപ്പോള്‍ ഫോണ്‍ കേടുപാടുകള്‍ തീര്‍ത്തു നല്‍കാന്‍ കഴിയില്ലെന്നും അത് റീപ്ലേസ് ചെയ്യുന്നതിന് 25,000 രൂപ ചെലവാകുമെന്നും പറഞ്ഞു.

ഇതിന് പിന്നാലെ ബായ്‌റംഗി സോണിയുടെ ന്യൂഡല്‍ഹിയിലുള്ള ആസ്ഥാനവുമായി ബന്ധപ്പെട്ടു. ചില ഉറപ്പുകള്‍ നല്‍കിയതല്ലാതെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് നിയമനടപടി സ്വീകരിക്കുന്നതിനായി ബായ്‌റംഗി 2016ല്‍ അസമിലെ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ സോണി പലതവണ ശ്രമിച്ചു. എന്നാല്‍ നീണ്ടകാലങ്ങളായുള്ള നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ യുവതിക്കനുകൂലമായി വിധി വന്നത്.


SCROLL FOR NEXT