ഇന്ധന വില കുതിച്ചുയരുന്നതോടെ ആഭ്യന്തര സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇന്‍ഡിഗോയും. എയർ ഇന്ത്യ 22 ശതമാനത്തോളം സർവീസുകളും ഇന്‍ഡിഗോ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ സർവീസുകളും കുറച്ചേക്കുമെന്നാണ് വിവരം . ജൂൺ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് ആണ് നിയന്ത്രണം . വിമാന നിരക്കുകളിലും വർധനയുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മുംബൈയിൽ നിന്ന് അഹമ്മദാബാദ്, നാഗ്പൂർ ,പാട്ന, ഭോപ്പാൽ എന്നീ സ്ഥലങ്ങളിലേക്കുള്ള സർവീസുകളും ഡൽഹിയിൽ നിന്ന് ഹൈദരാബാദ് ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് കൂടുതലായും ബാധിക്കുക. സർവീസുകളുടെ വെട്ടിച്ചുരുക്കൽ ബാധിക്കപ്പെട്ട യാത്രക്കാർക്ക് ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, സൗജന്യമായി യാത്രാ സമയം മാറ്റൽ, പൂർണമായ റീഫണ്ട് എന്നീ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘർഷത്തെ തുടർന്ന് ഇന്ധന വില കുതിച്ചുയർന്നതും അവധിക്കാല അവസാനിച്ചതുമാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള പ്രധാന കാരണങ്ങൾ. സർവീസ് നടത്താനുള്ള ചെലവ് നേരത്തെ ഉള്ളതിനേക്കാള്‍ 40 ശതമാനത്തോളം വർധിച്ചതായും വിമാന കമ്പനികള്‍ അറിയിച്ചു. പ്രതിദിനം രണ്ടായിരത്തോളം സർവീസുകളാണ് ഇൻഡിഗോ നിലവിൽ നടത്തുന്നത്.