BUSINESS

ഫോൺ വിളികൾക്ക് ഇനി ചിലവേറും; ജിയോക്ക് പിന്നാലെ നിരക്ക് വർധനവുമായി എയർടെൽ

ഉടൻ തന്നെ വോഡാഫോൺ- ഐഡിയയും നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ഫോൺ വിളികളും ഇൻ്റർനെറ്റും ഇനി അൽപം ചെലവേറിയതാകും. ജിയോയുടെ പാത പിന്തുടർന്ന് എയർടെലും ഇപ്പോൾ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. പിന്നാലെ വോഡാഫോൺ- ഐഡിയയും ഉടൻ തന്നെ നിരക്ക് വർധന പ്രഖ്യാപിക്കും. അപ്രതീക്ഷിതമായുണ്ടായ നിരക്ക് വർധനവ് ഇന്ത്യയിലെ സാധരണക്കാരെ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിർത്തേണ്ടത് രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയർടെല്ലിൻ്റെ തീരുമാനം. നിലവിൽ ഒരാളിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. മറ്റു സേവനദാതാക്കളും വൈകാതെ നിരക്ക് വർധന പ്രഖ്യാപിക്കും.

കോളുകളും ഇൻ്റർനെറ്റും പരിധിയില്ലാതെ ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയിരിക്കുന്നത്. 479 രൂപയുടെ ഡെയിലി പ്ലാന്‍ 20.8 ശതമാനം വര്‍ധിപ്പിച്ച് 579 രൂപയാക്കി . നേരത്തെ 265 രൂപയുണ്ടായിരുന്ന പ്ലാനിന് ഇനി 299 രൂപയാവും. 299ൻ്റെ പ്ലാന്‍ 349 രൂപയും 359ൻ്റെ പ്ലാന്‍ 409 രൂപയും 399ൻ്റേത് 449 രൂപയുമാക്കി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡാറ്റ ആഡ് ഓണ്‍ പ്ലാനിന് ഇനി 22 രൂപ ചെലവാക്കേണ്ടിവരും. രാ​ജ്യ​ത്ത് 5 ജി ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌പെക്ട്രം ലേലത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.

മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ തീരുമാനം ഇന്ത്യയിലെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്രുടെ അഭിപ്രായം. കോള്‍, ഇൻ്റർനെറ്റ് ഉപയോഗത്തിന് ഇനി കൂടുതല്‍ പണം മാറ്റിവയ്‌ക്കേണ്ടി വരും. ചെറുകിട സംരംഭകരെയും ഈ തീരുമാനം സാരമായി ബാധിക്കും. കമ്പനിയുടെ പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നും വിപണിയില്‍ മത്സരിക്കാനുള്ള സംരംഭകൻ്റെ കഴിവിനെ ബാധിക്കുമെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു.

SCROLL FOR NEXT