മെസിയും യമാലും മാത്രമല്ല, ലോകകപ്പ് ഫൈനലിൽ അഡിഡാസും ജയം ഉറപ്പിച്ചു. ലോകകപ്പ് ഫൈനലിൽ നേർക്കുനേർ എത്തുന്നത് അർജൻ്റീനയും സ്പെയിനുമാണ്. എന്നാൽ കളത്തിന് പുറത്ത് വിജയിയെ ഇതിനകം തീരുമാനിച്ചുകഴിഞ്ഞു. ലോകത്തെ രണ്ട് സ്പോർട്സ് ബ്രാൻഡ് ഭീമൻമാരായ അഡിഡാസും നൈക്കിയും തമ്മിലുള്ള പോരാട്ടത്തിൽ മേൽക്കൈ അഡിഡാസിനാണ്.
ഇംഗ്ലണ്ടിൻ്റെ സെമി ഫൈനൽ തോൽവിയോടെ ഫൈനലിലെ രണ്ട് ടീമുകളും അഡിഡാസ് സ്പോൺസർ ചെയ്യുന്നവയായി. അർജൻ്റീനയും സ്പെയിനും അഡിഡാസ് ജേഴ്സിയിലിറങ്ങുമ്പോൾ ലോകകപ്പിൽ 12 ടീമുകളെ സ്പോൺസർ ചെയ്ത നൈക്കിക്ക് ഫൈനലിൽ ഒരു പ്രതിനിധി പോലുമില്ല. ഇംഗ്ലണ്ടും ഫ്രാൻസും പുറത്തായതോടെ ലോകകപ്പിൻ്റെ ഏറ്റവും വലിയ വേദിയിലെ ബ്രാൻഡ് പോരാട്ടത്തിലും നൈക്കി തോറ്റു. ലോകകപ്പിനായി നൈക്കി വമ്പൻ ക്യാംപെയിനുകളാണ് നടത്തിയത്. പുതിയ മെർക്കുറിയൽ ബൂട്ടുകൾ പുറത്തിറക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർ, എർലിങ് ഹാളണ്ട് അടക്കം വമ്പൻ താരങ്ങളെയും ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോയെയും സ്ലാട്ടൻ ഇബ്രഹിമോവിച്ചിനെയും ഒപ്പം കിം കർദിഷിയാനെയും ഉൾപ്പെടുത്തി ഒരുക്കിയ പരസ്യചിത്രം ആദ്യ ആഴ്ചയിൽ തന്നെ 150 കോടിയിലധികം കാഴ്ചക്കാരെ നേടി. ജേഴ്സി വിൽപ്പനയും കുത്തനെ ഉയർന്നു. പക്ഷേ ഫൈനൽ വേദിയിലെ ഏറ്റവും വലിയ പരസ്യം ടീമുകളുടെ ജേഴ്സികളാണ്. ആ നേട്ടം പൂർണമായും അഡിഡാസിന് സ്വന്തം.
അമേരിക്കയിലും യൂറോപ്പിലും വിപണി വിഹിതം വർധിപ്പിച്ച അഡിഡാസ് ലോകകപ്പിനൊപ്പം ബിസിനസിലും മുന്നേറുകയാണ്. മറുവശത്ത് വിപണി വിഹിതം ഇടിയുന്നതും ഓഹരി വില താഴുന്നതും നൈക്കിന് തിരിച്ചടിയാകുന്നു. ലോകകപ്പ് ഫൈനലിൽ കിരീടം നേടുക അർജൻ്റീനയോ സ്പെയിനോ ആയിരിക്കാം. ആര് നേടിയാലും ലോക ഫുട്ബോളിലെ ഏറ്റവും വലിയ ബ്രാൻഡ് വിജയം ഇതിനകം തന്നെ അഡിഡാസ് സ്വന്തമാക്കിക്കഴിഞ്ഞു.