Avoid Fresh Loans, Build 3-Year Emergency Fund: Investment Adviser Warns Families News Malayalam 24x7
BUSINESS

'മൂന്നുവര്‍ഷത്തേക്കുള്ള കരുതല്‍ ധനം വേണം, വീടും സ്ഥലവും വാങ്ങരുത്, ലോണ്‍ എടുക്കരുത്': രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ്, വന്‍ ചര്‍ച്ചയാകുന്നു

ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവ് പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വീട് വാങ്ങൽ, ഭൂമിയിടപാടുകൾ തുടങ്ങിയ ദീർഘകാല സാമ്പത്തിക ബാധ്യതകളിൽ ഈ സമയത്ത് ഏർപ്പെടരുതെന്നാണ് ഉപദേശം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾ അനാവശ്യ സാമ്പത്തിക ബാധ്യതകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രമുഖ നിക്ഷേപ ഉപദേഷ്ടാവിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വരുംനാളുകളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മറികടക്കാൻ പുതിയ വായ്പകൾ എടുക്കരുതെന്നും മൂന്ന് വർഷത്തെ കുടുംബച്ചെലവുകൾക്ക് തുല്യമായ അടിയന്തര കരുതൽധനം മാറ്റിവെക്കണമെന്നും ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപക ഉപദേശകന്‍ മുത്തുകൃഷ്ണൻ ദണ്ഡപാണി മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവ് പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വീട് വാങ്ങൽ, ഭൂമിയിടപാടുകൾ തുടങ്ങിയ ദീർഘകാല സാമ്പത്തിക ബാധ്യതകളിൽ ഈ സമയത്ത് ഏർപ്പെടരുതെന്ന് അദ്ദേഹം ഉപദേശിച്ചു. നിലവിലെ തൊഴിൽ അന്തരീക്ഷത്തിൽ തസ്തികയ്ക്കോ സ്ഥാനത്തിനോ അമിത പ്രാധാന്യം നൽകാതെ, വരുമാനം നിലനിർത്തുന്നതിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്.

"താൻ ഭാവി പ്രവചിക്കുന്ന ആളല്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി വരാനിരിക്കുന്ന ചില പ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്," അദ്ദേഹം കുറിച്ചു. ആകാശം ഇടിഞ്ഞുവീഴാൻ പോവുകയാണെന്ന ഭീതി വേണ്ടെന്നും, ലോകം മുൻപും ഇത്തരം മാന്ദ്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സുരക്ഷിതത്വം മുൻകൂട്ടി ഉറപ്പാക്കിയാൽ ആശങ്കകളില്ലാതെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കും. സാമ്പത്തിക മേഖലയിലെ ചാക്രിക മാറ്റങ്ങൾ സ്വാഭാവികമാണെന്നും നല്ല കാലം തിരികെ വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇടത്തരം കുടുംബങ്ങൾക്ക് മൂന്ന് മാസത്തെ ചെലവ് കണ്ടെത്താൻ പോലും പ്രയാസമുള്ളപ്പോൾ മൂന്ന് വർഷത്തെ ഫണ്ട് മാറ്റിവെക്കുന്നത് പ്രായോഗികമല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, വിപണിയിലെ തകർച്ചയും തൊഴിൽ മേഖലയിലെ അനിശ്ചിതത്വങ്ങളും കണക്കിലെടുക്കുമ്പോൾ കൃത്യമായ മുന്നൊരുക്കങ്ങൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച വലിയ ചര്‍ച്ച റെഡ്ഡിറ്റ് അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് നടക്കുന്നത്.

SCROLL FOR NEXT