ചെന്നൈ: പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര എഞ്ചിനീയറിംഗ്-നിര്‍മാണ സ്ഥാപനമായ ബിഇഎംഎല്‍ ലിമിറ്റഡ്, ഐഐടി മദ്രാസില്‍ ഇന്‍ക്യൂബേറ്റ് ചെയ്ത ഡീപ്പ്-ടെക് സ്റ്റാര്‍ട്ടപ്പായ ടിയുടിആര്‍ ഹൈപ്പര്‍ലൂപ്പുമായി ചേര്‍ന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വദേശീയമായി രൂപകല്‍പ്പന ചെയ്ത ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം വികസിപ്പിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചു.
ഐഐടി മദ്രാസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ബിഇഎംഎല്ലിന്റെ കോര്‍പ്പറേറ്റ് ടെക്‌നോളജി പ്ലാനിംഗ് & അലൈയന്‍സ് മാനേജ്മെന്റ് മേധാവി ലിംഗരാജ് വി. വിരക്ടമത്, ടിയുടിആര്‍ ഹൈപ്പര്‍ലൂപ്പിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അരവിന്ദ് എസ്. ഭാരദ്വാജ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ബിഇഎംഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശാന്തനു റോയ്, ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി.കാമകോടി, ബിഇഎംഎല്‍ റെയില്‍ & മെട്രോ ഡയറക്ടര്‍ രാജീവ് കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിഇഎംഎല്‍ , ടിയുടിആര്‍, ഐഐടി മദ്രാസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഭാവിയിലേക്കുള്ള ഗതാഗത സംവിധാനം ഒരുക്കുന്നതില്‍ ബിഇഎംഎല്‍ മുഖ്യ നിര്‍മാണ പങ്കാളിയായി പ്രവര്‍ത്തിക്കും. പാസഞ്ചര്‍മാരെയും ചരക്കുകളെയും വളരെ വേഗത്തില്‍ എത്തിക്കാനായി ഹൈപ്പര്‍ലൂപ്പ് പോഡ് രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും ഈ സഹകരണത്തില്‍ ഊന്നല്‍ നല്‍കും.
ഇത് ഇന്ത്യയുടെ ഹൈസ്പീഡ് ഗതാഗതങ്ങള്‍ക്ക് വലിയൊരു മുന്നേറ്റമാണെന്ന് ബിഇഎംഎല്‍ സിഎംഡി ശാന്തനു റോയ് പറഞ്ഞു. ഇന്ത്യന്‍ എഞ്ചിനീയറിംഗ്, നിര്‍മാണശേഷി എന്നിവയാല്‍ ഇതിലൂടെ ഭാവിയിലേക്കുള്ള ഗതാഗതം സാക്ഷാല്‍ക്കരിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.