BUSINESS

BUGET 2024: എന്താണ് 'ക്ലൈമറ്റ് ടാക്സോണമി'

പേരിൽ ടാക്സ് ഉണ്ടെങ്കിലും ക്ലൈമറ്റ് ടാക്സോണമി പ്രത്യക്ഷമായ നികുതി നിർദേശമല്ല

Author : ന്യൂസ് ഡെസ്ക്

മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ ക്ലൈമറ്റ് ടാക്സോണമി പ്രഖ്യാപനം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. എന്താണ് ഇന്നലെ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച ക്ലൈമറ്റ് ടാക്സോണമി? പേരിൽ ടാക്സ് ഉണ്ടെങ്കിലും ഇതു പ്രത്യക്ഷമായ നികുതി നിർദേശമല്ല. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതിനുമായി ഫലപ്രദമായ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് കമ്പനികളെയും നിക്ഷേപകർക്കുമായുള്ള ചട്ടങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയുമാണ് ക്ലൈമറ്റ് ഫിനാൻസ് ടാക്സോണമി സൂചിപ്പിക്കുന്നത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ കാർബൺ പുറംതള്ളുന്ന വ്യവസായങ്ങൾ ഒഴിവാക്കി സുസ്ഥിര നിക്ഷേപ മേഖലകൾ കണ്ടെത്തി തരംതിരിക്കുക എന്നതാണ് ക്ലൈമറ്റ് ടാക്സോണമി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീൻ ബോണ്ടുകളുൾപ്പെടയുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതിനും ക്ലൈമറ്റ് ടാക്‌സോണമികൾ പതിവായി ഉപയോഗിക്കാറുണ്ട്

ക്ലൈമറ്റ് ടാക്സോണമിയുടെ പ്രാധാന്യമെന്ത്?

ആഗോള താപനില കുതിച്ചുയരുകയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ രൂക്ഷഫലങ്ങൾ വർധിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ നെറ്റ് സീറോ എക്കോണമിയിലേക്ക് മാറുക എന്നതാണ് ആദ്യ ലക്ഷ്യം. അതായത് കാർബൺ, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്ന പദ്ധതികൾ രാജ്യം നടപ്പാക്കണം.

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിനുള്ള ഒരു പ്രധാന മേഖലയാണ് കാലാവസ്ഥാ ധനസഹായം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ്റെ (UNFCCC) 'നീഡ്സ് ഡിറ്റർമിനേഷൻ റിപ്പോർട്ട്' അനുസരിച്ച്, 2030-ഓടെ വികസ്വര രാജ്യങ്ങളുടെ കാലാവസ്ഥാ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കാൻ ഏകദേശം $5.8-5.9 ട്രില്യൺ ധനസഹായം ആവശ്യമാണ്.

നെറ്റ് സീറോ എക്കോണമിയിലേക്ക് എത്തിച്ചേരാൻ ടാക്സോണമികൾ വലിയ രീതിയിൽ സഹായിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര സ്രോതസ്സുകളിൽ നിന്ന് ക്ലൈമറ്റ് ടാക്സോണമികൾ വഴി കൂടുതൽ കാലാവസ്ഥാ ഫണ്ടുകൾ കൊണ്ടുവരാൻ കഴിയും. നിലവിൽ ഗ്രീൻ ഫിനാൻസുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കെത്തുന്ന പണം ആവശ്യങ്ങളേക്കാൾ വളരെ കുറവാണ്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിലേക്കുള്ള മൊത്തം എഫ്‌ഡിഐയുടെ ഏകദേശം 3% മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് ലാൻഡ്സ്കേപ്പ് ഓഫ് ഗ്രീൻ ഫിനാൻസ് ഇൻ ഇന്ത്യ 2022 റിപ്പോർട്ട് പറയുന്നത്.

2070-ഓടെ കാർബൺ എമിഷൻ പൂർണമായും ഒഴിവാക്കാമെന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2030 ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 50% വൈദ്യുത സ്ഥാപിത ശേഷി കൈവരിക്കാനും രാജ്യം ഉദ്ദേശിക്കുന്നു. ഐഎഫ്‌സിയുടെ കണക്കനുസരിച്ച് ഈ ലക്ഷ്യം കൈവരിക്കാനായി ഏകദേശം 10.1 ട്രില്യൺ ഡോളർ ആവശ്യമാണ്. ഐഎഫ്‌സിയുടെ കണക്കനുസരിച്ച്, 2070-ഓടെ ഇന്ത്യക്ക് മൊത്തം പൂജ്യം നേടാൻ 10.1 ട്രില്യൺ ഡോളർ ആവശ്യമാണ്. പൊതു നിക്ഷേപങ്ങൾ കൊണ്ട് മാത്രം ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയില്ല. അതിനാൽ ക്ലൈമറ്റ് ടാക്സോണമി ഇതിനായി സഹായിക്കും.

ഇന്ത്യയിൽ ഹരിത നിക്ഷേപ സാധ്യത എത്രമാത്രം?

ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ്റെ റിപ്പോർട്ട് പ്രകാരം 2018 മുതൽ 2030 വരെ 3.1 ലക്ഷം കോടി ഡോളറിൻ്റെ കാലാവസ്ഥാ-സ്മാർട്ട് നിക്ഷേപ സാധ്യതയാണ് ഇന്ത്യക്കുള്ളത്. ഏകദേശം 260 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുക. 2030-ഓടെ എല്ലാ പുതിയ വാഹനങ്ങളും വൈദ്യുതീകരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

മറ്റ് രാജ്യങ്ങൾക്ക് ക്ലൈമറ്റ് ടാക്സോണമി ഉണ്ടോ?

ദക്ഷിണാഫ്രിക്ക, കൊളംബിയ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, സിംഗപ്പൂർ, കാനഡ, മെക്സിക്കോ എന്നിവയാണ് ക്ലൈമറ്റ് ടാക്സോണമി സാധ്യമാക്കിയ മറ്റ് രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനും ക്ലൈമറ്റ് ടാക്സോണമി രൂപീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT