ഇന്ത്യൻ റെയിൽ വേ ട്രാവൽ ഇൻഷുറൻസ് Source; Social Media
BUSINESS

5 വർഷം കൊണ്ട് ക്ലെയിം ചെയ്തത് 27.22 കോടി; 45 പൈസയുടെ ഇൻഷുറൻസ് വെറുതെയല്ല!

യാത്രക്കാരൻ ട്രെയിൻ അപകടത്തിൽ മരിച്ചാൽ, കമ്പനി നോമിനിക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകുന്നു. മാത്രമല്ല, ഒരു യാത്രക്കാരന് അംഗവൈകല്യം സംഭവിച്ചാൽ കമ്പനി 10 ലക്ഷം രൂപ യാത്രക്കാരന് നൽകും.

Author : ന്യൂസ് ഡെസ്ക്

വെറും 45 പൈസക്ക് 10 ലക്ഷം രൂപയുടെ കവറേജ് നൽകുന്നുണ്ട് ഇന്ത്യൻ റെയിൽവേ. പലർക്കും അതറിയില്ല. അറിയുന്നവരാകട്ടെ ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ എന്ന മട്ടിലാണ് കാണുന്നത്. എന്നാൽ നിരവധിപ്പേർ യാത്രാടിക്കറ്റിനൊപ്പം ഇത് എടുക്കാറുമുണ്ട്. റെയിൽവെയുടെ ഈ ട്രാവൽ ഇൻഷുറൻസ് വെറുതെയല്ല എന്ന കണക്കുകളാണ് ഇപ്പോൾ കേന്ദ്രം പുറത്ത് വന്നിരിക്കുന്നത്. 5 വർഷം കൊണ്ട് ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം വഴി ഉപഭോക്താക്കൾ ക്ലെയിം ചെയ്തത് 27.22 കോടി രൂപയാണെന്നാണ് കണക്ക്. 333 കേസുകളിലെ ക്ലെയിം കണക്കാണിതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ രേഖാമൂലം അറിയിച്ചു.

യാത്രക്കിടയിൽ സംഭവിച്ചേക്കാവുന്ന അത്യാഹിതങ്ങൾ കവർ ചെയ്യുന്നതിനാണ് ഈ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം മെയിൽ ആയി വരുന്ന ഇൻഷുറൻസ് ഡോക്യുമെന്റ് സൂക്ഷിച്ചു വക്കുകയാണ് വേണ്ടത്. പോളിസി ക്ലെയിം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഉപയോക്താവും നേരിട്ടായിരിക്കും ഇടപാടുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം (OTIS) എന്നാണ് ഇത് അറിയപ്പെടുന്നത്. ഓരോ യാത്രയുടെയും കവറേജ് ആയി ടിക്കറ്റ് ചാ‍ർജിന് പുറമെ 45 പൈസയാണ് ഇതിന് ഈടാക്കുന്നത്. ഇന്ത്യയിലെ റെയിൽവേ യാത്രക്കാരുടെ എണ്ണം പ്രതിവർഷം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിരക്കും അപകട സാധ്യകളും പരിഗണിച്ചാണ് ഈ സംവിധാനം. ട്രെയിൻ യാത്രയ്ക്കിടെ അപകടങ്ങൾ ഉണ്ടായാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുന്നു. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് റെയിൽവേ ട്രാവൽ ഇൻഷുറൻസ് തെരഞ്ഞെടുക്കാം.

റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ് 10 ലക്ഷം രൂപയുടെ പരിരക്ഷ വരെ നൽകുന്നു. ഇതിൽ ട്രെയിൻ അപകടത്തിൽ ഉണ്ടാകുന്ന നഷ്ടം ഇൻഷുറൻസ് കമ്പനിയാണ് നികത്തുന്നത്. ഒരു യാത്രക്കാരൻ ട്രെയിൻ അപകടത്തിൽ മരിച്ചാൽ, കമ്പനി നോമിനിക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകുന്നു. മാത്രമല്ല, ഒരു യാത്രക്കാരന് അംഗവൈകല്യം സംഭവിച്ചാൽ കമ്പനി 10 ലക്ഷം രൂപ യാത്രക്കാരന് നൽകും. പരിക്കേറ്റ യാത്രക്കാരന് ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ലഭിക്കും. അതേസമയം നേരിട്ട് റെയിൽവേ സ്റ്റേറ്റെഷനിൽ നിന്നും ഓഫ്‌ലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഈ ആനുകൂല്യം ലഭിക്കില്ല. എന്നാൽ, ജനറൽ കോച്ചിലോ കമ്പാർട്ടുമെൻ്റിലോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നില്ല.

SCROLL FOR NEXT