കൊച്ചി: വെളിച്ചെണ്ണ വിലയില്‍ പൊള്ളി കേരളം. കേരളത്തിന്റെ ജനകീയ എണ്ണയായ വെളിച്ചെണ്ണക്ക് വില കുതിച്ചുയര്‍ന്നതോടെ പാചകത്തിന് ഇതര എണ്ണകള്‍ ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍. വില വര്‍ധന ഹോട്ടലുകളെയും, ബേക്കറി കടകളെയും പ്രതിസന്ധിയിലാക്കി.
വെളിച്ചെണ്ണയ്ക്ക് പൊന്നും വിലയാണ്. കേര വെളിച്ചെണ്ണക്ക് 520, മറ്റ് കമ്പനികളുടേത് 420 ഉം കടന്നു. വില കൂടിയതോടെ മലയാളിയുടെ അടുക്കളയില്‍ നിന്നും വെളിച്ചെണ്ണ അകന്ന് തുടങ്ങിയിരിക്കുന്നു. കുറച്ച് കാലം മുന്‍പ് വരെ പപ്പടം കാച്ചാനും, കടുക് വറക്കാനും, കറികള്‍ക്കുമെല്ലാം യഥേഷ്ടം ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണ ഇന്ന് അടുക്കളയിലെ വിഐപിയാണ്.
അതുകൊണ്ടു തന്നെ പാചകത്തിന് വെളിച്ചെണ്ണയ്ക് പകരം പാമോയിലും, സണ്‍ഫ്‌ളവര്‍ ഓയിലും ഇടം പിടിച്ചിട്ട് നാളേറെയായി. വ്യാപാരികളും ആശങ്കയിലാണ്. ഈ പോക്ക് പോയാല്‍ ഓണത്തിന് 600 കടക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണത്തിന് വറുത്തകായക്കും ഉപ്പേരിക്കുമൊക്കെ വില വര്‍ധിപ്പിക്കേണ്ടി വരുന്നതോടെ കച്ചവടം മുടങ്ങുമെന്നാണ് വ്യാപാരികളുടെ ആശങ്ക. വെളിച്ചെണ്ണ വില വര്‍ധിപ്പിച്ചതോടെ ഒരു കിലോ ചിപ്‌സിന് 500 രൂപയോളം ചിലവുണ്ട്. ഇതു ഇനിയും കൂടിയാല്‍ സാധാരണക്കാരന്റെ ബഡ്ജറ്റിനെ താളം തെറ്റിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
ഓയില്‍ മില്‍ ഉടമകളും പ്രതിസന്ധിയിലാണ്. വില കൂടിയതോടെ ആളുകള്‍ വാങ്ങുന്ന എണ്ണയുടെ അളവ് കുറച്ചതാണ് പ്രതിസന്ധി. പത്ത് കിലോ വെളിച്ചെണ്ണ വാങ്ങിയിരുന്നവര്‍ നേര്‍ പകുതിയായി കുറച്ചു.
വില കുറഞ്ഞില്ലെങ്കില്‍ ഓണക്കാലത്ത് കച്ചവടം കുറയുമെന്നാണ് ഉടമകള്‍ പറയുന്നത്. നേരിയ വിലക്കുറവുള്ളതിനാല്‍ ജനങ്ങള്‍ ഓയില്‍ മില്ലുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ വാങ്ങുന്ന എണ്ണയുടെ അളവ് കുറച്ചതിനാല്‍ വിലവര്‍ധനവ് റീട്ടെയില്‍ കച്ചവടത്തെയും ബാധിച്ചെന്നും മില്ലുടമകള്‍ പറയുന്നു.
വില ഇനിയും വര്‍ധിച്ചാല്‍ വെളിച്ചെണ്ണ, സാധാരണക്കാരന്റെ അടുക്കളയില്‍ നിന്നും ഇല്ലാതാകും. എന്നാല്‍ വിലവര്‍ധനവിന്റെ പേരില്‍ വ്യാജ വെളിച്ചെണ്ണകളും വിപണിയില്‍ ലഭ്യമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ആവശ്യമാണ്.