വാഷിങ്ടൺ: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂടി. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.22 ഡോളറാണ് ഇന്ന് വർധിച്ചത്. നിലവിൽ ക്രൂഡ് ഓയിൽ വില 107.55 ഡോളറാണ്.
സമാധാനചർച്ച സ്തംഭിച്ചതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണം നിലച്ചതാണ് ഇന്ന് വില കൂടാൻ കാരണം. ഹോർമുസിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാൽ ഞായറാഴ്ച ഒരു എണ്ണ ടാങ്കർ മാത്രമേ ഗൾഫിലേക്ക് പ്രവേശിച്ചുള്ളൂ. അതും വില വർധനവിന് കാരണമായിട്ടുണ്ട്.
സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട്, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പുതിയ നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. ഇതിൽ തീരുമാനമായാൽ എണ്ണ വില കുറഞ്ഞേക്കും. അതേസമയം ഓഹരി വിപണികൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 380.20 പോയിൻ്റ് ഉയർന്ന് 77,044.41 ലും നിഫ്റ്റി 24,032.35 116.65 പോയിൻ്റ് ഉയർന്ന് 0.49% ലും 24,140 ലാണ് വ്യാപാരം നടക്കുന്നത്.