IMAGE: ANI
BUSINESS

ബാങ്ക് സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് നിര്‍ബന്ധമാക്കരുത്: ആര്‍ബിഐ

ഡെബിറ്റ് കാര്‍ഡ് പോലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് ഡിജിറ്റല്‍ ബാങ്കിങ് ചാനല്‍ ഉപയോഗിക്കണമെന്നത് മാനദണ്ഡമാക്കാനാകില്ല

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലൈയില്‍ അവതരിപ്പിച്ച കരടില്‍ പൊതു അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇത് അനുസരിച്ച് ബാങ്ക് സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ ബാങ്കിങ് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡ് പോലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് ഡിജിറ്റല്‍ ബാങ്കിങ് ചാനല്‍ ഉപയോഗിക്കണമെന്നത് മാനദണ്ഡമാക്കാനാകില്ലെന്നും ആര്‍ബിഐ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം, സുതാര്യത, അപകടസാധ്യതകള്‍ ലഘൂകരിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശം.

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ബാങ്കുകള്‍ ഉപഭോക്താവില്‍ നിന്ന് വ്യക്തമായ സമ്മതം നേടിയിരിക്കണം. ഇത് രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും വേണം. ഡെബിറ്റ് കാര്‍ഡ് പോലുള്ള മറ്റ് സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി ഏതെങ്കിലും ഡിജിറ്റല്‍ ബാങ്കിങ് ചാനല്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിനെ ബാങ്കുകള്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനായിരിക്കും.

എന്നാല്‍, അക്കൗണ്ട് തുറക്കുന്ന സമയത്ത് കെ.വൈ.സി. ആവശ്യകതകള്‍ക്ക് അനുസൃതമായി ഇടപാട് മുന്നറിയിപ്പുകളും മറ്റും അയക്കാന്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ നേടുന്നതില്‍ തടസ്സമില്ല. അപകടസാധ്യതയുടെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. ഓരോ ബാങ്കും അവരുടെ അപകടസാധ്യത വിലയിരുത്തുന്നതിനനുസരിച്ച്, ഇടപാട് പരിധി, ഇടപാടിന്റെ വേഗത പരിധി, തട്ടിപ്പ് പരിശോധനകള്‍ തുടങ്ങിയ അപകടസാധ്യത ലഘൂകരണ നടപടികള്‍ നടപ്പിലാക്കണം.

ഉപഭോക്താവിന്റെ ഇടപാട് സ്വഭാവം പഠിക്കുകയും അസാധാരണമായ ഇടപാടുകള്‍ നിരീക്ഷിക്കുകയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ബാങ്കിന്റെ ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ് പോളിസിക്ക് അനുസൃതമായി ഉപഭോക്താവില്‍ നിന്ന് മുന്‍കൂട്ടി സ്ഥിരീകരണം നേടണം.

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയല്ലാത്ത മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകള്‍, മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരെ പരിഗണിക്കാതെ എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.

അക്കൗണ്ടിലെ സാമ്പത്തിക, അസാമ്പത്തിക ഇടപാടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കും എസ്എംഎസ്, ഇ-മെയില്‍ അലേര്‍ട്ടുകള്‍ നല്‍കുമെന്ന് ബാങ്കുകള്‍ ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണം.

ആര്‍ബിഐ പ്രത്യേകമായി അനുവദിച്ചിട്ടില്ലെങ്കില്‍ പ്രമോട്ടര്‍ ഗ്രൂപ്പുകളുടെയോ ബാങ്ക് ഗ്രൂപ്പ് സ്ഥാപനങ്ങളുടെയോ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബാങ്കുകളുടെ ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

SCROLL FOR NEXT